
ലെബനനിൽ വെടി നിർത്തണമെന്ന നിർദേശം തള്ളി; ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ
ലെബനനില്‍ വെടി നിർത്തണമെന്ന ആവശ്യം തള്ളി ഇസ്രായേൽ. ആക്രമണം കടുപ്പിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു നൽകിയ മുന്നറിയിപ്പ്. 21 ദിവസം വെടിനിര്‍ത്തണമെന്ന ആവശ്യമാണ് ഇസ്രായേൽ തള്ളിയത്. അമേരിക്കയും ഫ്രാൻസും മുന്നോട്ട് വെച്ച നിർദേശമാണ് ഇസ്രായേൽ തള്ളിയത്.
തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമണം ശക്തമാക്കാൻ ഇസ്രയേല്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 700 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇസ്രയേലിൻ്റെ ഈ കടുംപിടുത്തത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
യുഎസിനോടും സഖ്യകക്ഷികളോടും മാത്രമല്ല ഇസ്രയേലിനോട് പോലും ആലോചിച്ചാണ് വെടി നിര്‍ത്തലെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ജോണ്‍ കിര്‍ബി പ്രതികരിച്ചു. ഗൗരവമേറിയ കാര്യങ്ങൾ അപ്രകാരം സ്വീകരിക്കുമെന്ന് വിചാരിച്ചാണ് തങ്ങള്‍ ഈ നിര്‍ദേശം തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.