Kerala

തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ അതിക്രമം ലഹരിക്ക് അടിമപ്പെട്ട്

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുളയം സ്വദേശി ജഗന്‍ എന്ന യുവാവാണ് സ്‌കൂളിലെത്തി അതിക്രമം കാണിച്ചത്. രാവിലെ 10 മണിയോടെ സ്‌കൂളിലെ സ്റ്റാഫ് റൂമിലെത്തിയ ജഗന്‍ രണ്ടുവര്‍ഷം മുമ്പ് തന്റെ ഒരു തൊപ്പി ടീച്ചേഴ്‌സ് വാങ്ങി വെച്ചിട്ടുണ്ടെന്നും അത് തിരികെ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇത് സാധിക്കാതെ വന്നതോടെ ജഗന്‍ ബാഗില്‍ കൊണ്ടുവന്ന തോക്ക് പുറത്തേക്ക് എടുത്ത് ഭീഷണി ആരംഭിച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ഗണ്‍ ആണ്. ലഹരിക്ക് അടിമപ്പെട്ടാണ് ഇത്തരത്തില്‍ അക്രമം കാണിച്ചതെന്ന് സംശയിക്കുന്നു.

പിന്നീട് ക്ലാസ് റൂമിലേക്ക് പോയ ഇയാള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകരോട് കയര്‍ക്കുകയും ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. മൂന്നുതവണയാണ് വെടിവെച്ചത്. രാമദാസന്‍ എന്ന അധ്യാപകനെ അന്വേഷിച്ചാണ് ഇയാള്‍ വന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വിവേകോദയം സ്‌കൂളില്‍ നിരവധി തവണ അച്ചടക്ക ലംഘനത്തിന് ശാസിക്കപ്പെട്ടിട്ടുള്ള ജഗന്‍ പഠനം പൂര്‍ത്തിയാക്കുകയോ അവസാന വര്‍ഷം പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ല. സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ശേഷം ഇയാള്‍ മതില് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്കൂള്‍ ജീവനക്കാരും ഇയാളെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *