
ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ ; കൈകോർക്കാൻ ഇന്ത്യയും ചൈനയും
ദില്ലി : ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാൻ റഷ്യയ്‌ക്കൊപ്പം കൈകോർക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. റഷ്യയുടെ സ്‌റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷനായ റോസാറ്റത്തിന്റെ തലവൻ അലക്‌സി ലിഖാചേവ് ആണ് ഇന്ത്യയും ചൈനയും ചേർന്നുകൊണ്ടുള്ള ഈ സുപ്രധാന നീക്കത്തെ കുറിച്ച് അറിയിച്ചത്. റഷ്യയിൽ നടന്ന ഈസ്‌റ്റേൺ ഇക്കണോമിക്ക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അലക്‌സി ലിഖാചേവ്.
അര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ചെറിയ ഒരു ആണവനിലയം നിർമിക്കുകയെന്നതാണ് റോസ്റ്റാം ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന റഷ്യൻ കേന്ദ്രത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനായാണ് ആണവനിലയം സ്ഥാപിക്കുന്നത്. ഈ ദൗത്യം വികസിപ്പിക്കുന്നതിൽ ഇന്ത്യയും ചൈനയും താല്പര്യപ്പെടുന്നതായി ലിഖാചേവ് അറിയിച്ചു.
ഭൂമിയിൽ ആണവനിലയം നിർമിച്ച് ചന്ദ്രനിൽ എത്തിക്കുകയായിരിക്കും ചെയ്യുക. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ നേതൃത്വത്തിൽ ആണവനിലയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ആണവനിലയത്തിന്റെ നിർമാണം ഏറെ സങ്കീർണമായിരിക്കുമെന്നാണ് വിവരം. എന്നാൽ, ആണവനിലയം യാഥാർത്ഥ്യമാകുന്നതോടെ റഷ്യയും ചൈനയും ചേർന്ന് പ്രവർത്തിക്കുന്ന ലൂണാർ ബേസിന് ആവശ്യമായ ഊർജം പ്രധാനം ചെയ്യും.
2021ലാണ് റഷ്യയും ചൈനയും ചേർന്ന് ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്‌റ്റേഷൻ എന്ന പേരിൽ ഒരു സംയുക്ത ചാന്ദ്ര ബേസ് നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. 2035നും 45നും ഇടയിൽ അത് ഘട്ടം ഘട്ടമായി കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയെ കൂടാതെ, അമേരിക്കയും ചന്ദ്രനിൽ ആണവോർജം ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.