
ശമ്പള പരിഷ്കരണ കമ്മീഷൻ വൈകും; തീരുമാനം എടുത്തിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ധനവിനിയോഗ ബില്ലിന്‍റെ ചർച്ചയ്ക്കു മറുപടി പറയുന്നതിനിടെ രമേശ് ചെന്നിത്തലയുടെ ഇടപെടലിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് കാലമായിട്ടും ഒന്നാം പിണറായി സർക്കാർ കേരളത്തില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കി. കുടിശിക കൊടുത്തു തീർത്തു വരികയാണെന്നും ബാലഗോപാൽ പറഞ്ഞു.
2021 ഫെബ്രുവരിയിൽ ആണ് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. അതിൻ്റെ കുടിശികൾ പോലും ഇതുവരെ കൊടുത്തിട്ടില്ല. പെൻഷൻകാർക്ക് മാത്രമാണ് കുടിശിക കൊടുത്ത് തീർത്തത്. അതും ഉത്തരവ് ഇറക്കിയതിൽ നിന്നും വളരെ വൈകി. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡു പെൻഷൻകാർക്കും കൊടുക്കാൻ ഉണ്ട്.
2024 ജൂലൈ 1 പ്രാബല്യത്തിൽ ലഭിക്കേണ്ടതാണ് പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷൻ. ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് 9 മാസം കഴിഞ്ഞിട്ടും കമ്മീഷനെ വയ്ക്കാതെ പരമാവധി നീട്ടി കൊണ്ടു പോകുക എന്ന നയം ആണ് ബാലഗോപാൽ പയറ്റുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ ആണ്. അതിൻ്റെ പ്രഖ്യാപനം വരുന്നതിന് തൊട്ട് മുൻപ് ശമ്പള പരിഷ്കരണ കമ്മീഷനെ വയ്ക്കാം എന്ന തരത്തിലാണ് സർക്കാർ നീക്കം.