CrimeKerala

ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന്‍ അമല്‍ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീപൊള്ളലേറ്റ ഭര്‍ത്താവ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്.

കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി.തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

മകള്‍ വീടിന് പുറത്തായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. വീടിനും തീ പടർന്നിരുന്നു. വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും, പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ ടിന്നർ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *