CinemaNationalNews

പാചകക്കാരനായി തുടക്കം; പിന്നണി ഡാൻസറിൽ നിന്ന് ബോളിവുഡ് സൂപ്പർസ്റ്റാറായ അക്ഷയ്കുമാർ

30 വര്‍ഷമായി ഹിന്ദിസിനിമയുടെ ഭാഗമായിട്ട്. ‘ഖിലാഡി’ എന്ന ആക്ഷന്‍ ത്രില്ലറാണ് ആരാധകരുടെ പ്രിയപ്പെട്ട അക്കിയുടെ തലവര മാറ്റിയത്. ആക്ഷന്‍ സീനുകളും അപകടകരമായ സ്റ്റണ്ടുകളും ആളുകള്‍ക്ക് ഏറെയിഷ്ടപ്പെട്ടു. ജാക്കി ചാന്‍ സിനിമകളിലെ സ്റ്റണ്ടുകളോടാണ് ഇത് അന്ന് പലരും താരതമ്യപ്പെടുത്തിയത്.

സിനിമ ഹിറ്റായതോടെ ഖിലാഡി സീരീസിലുള്ള കുറേ സിനിമകളിറങ്ങി. സബ്‌സേ ബഡാ ഖിലാഡി, ഖിലാഡിയോം കാ ഖിലാഡി, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഖിലാഡി…എന്നിങ്ങനെ. അതിനൊപ്പം ധഡ്കന്‍, ദില്‍ തോ പാഗല്‍ ഹേ പോലെയുള്ള റൊമാന്റിക് സിനിമകളും. ഹേരാ ഫേരി, മുഛ്‌സേ ശാദി കരോഗി, ഭൂല്‍ ഭുലയ്യ പോലുള്ള സിനിമകളിലെ അഭിനയത്തിലൂടെ കോമഡിയും തനിക്ക് ഇണങ്ങുമെന്ന് അക്ഷയ് തെളിയിച്ചു. ആക്ഷനും റൊമാന്‍സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ചുരുക്കം താരങ്ങളിലൊരാളാണ് അക്ഷയ്. അവസാനമിറങ്ങിയ സിനിമകളില്‍ പലതും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും, അക്ഷയ്ക്ക് ഇപ്പോഴും മാര്‍ക്കറ്റുണ്ടെന്നാണ് നിരൂപകര്‍ പറയുന്നത്.

തായ്‌ലന്‍ഡില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. തായ്‌ലന്‍ഡിലെ ഹോട്ടലില്‍ പാചകക്കാരനായാണ് തൻ്റെ ചെലവുകള്‍ക്കുള്ള പണം അക്ഷയ് കണ്ടെത്തിയത്. തിരികെ നാട്ടിലെത്തിയപ്പോള്‍ ചെറിയ ചില പരസ്യങ്ങള്‍ക്ക് മോഡലായി. പക്ഷേ, സിനിമാക്കാര്‍ക്ക് കൊടുക്കാനായി നല്ലൊരു പോര്‍ട്ട് ഫോളിയോ ഷൂട്ട് വേണം. അതിനായി പ്രശസ്ത ഫോട്ടോഗ്രാഫറുടെ സഹായിയായി 18 മാസം ശമ്പളമില്ലാതെ ജോലിചെയ്തു. പിന്നീട് കുറേ സിനിമകളില്‍ പിന്നണി ഗ്രൗണ്ട് ഡാന്‍സറായി. അതിനിടയിലാണ് ‘ആജ്’ എന്ന സിനിമയിലേക്ക് അവസരം കിട്ടുന്നത്. ആദ്യത്തെ മൂന്നുപടങ്ങളും വിജയിച്ചില്ല. 1991-ലാണ് ‘ഖിലാഡി’ റിലീസാവുന്നത്. അവിടുന്നാണ് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറിലേക്കുള്ള യാത്ര അക്കി തുടങ്ങുന്നതും.

2015 മുതല്‍ 2019 വരെ ഏറ്റവും കൂടുതല്‍ വേതനം പറ്റുന്ന താരങ്ങളിലൊരാളായി ഫോര്‍ബ്‌സ് ലിസ്റ്റില്‍ അദ്ദേഹം ഇടംപിടിച്ചു. 2019-ല്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന ലോകത്തിലെ നാലാമത്തെ താരമായി മാറി അക്ഷയ്. പരസ്യലോകത്തും അക്ഷയിൻ്റെ ബ്രാന്‍ഡ് വാല്യു മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ പറ്റാത്തത്ര വലുതാണ്. 2021-ലെ കണക്കുകള്‍ പ്രകാരം 11 ബില്യണുമായി അക്ഷയ് ആണ് പരസ്യലോകത്തെ ഏറ്റവും കൂടുതല്‍ വിലപിടിപ്പുള്ള വ്യക്തികളിലൊരാള്‍.

Leave a Reply

Your email address will not be published. Required fields are marked *