
ബ്രസീലിൻ്റെ പുതിയ പരിശീലകൻ്റെ വാർഷിക ശമ്പളം 96 കോടി . തീർന്നില്ല, ബ്രസീൽ 2026 ലെ ലോകകപ്പ് നേടിയാൽ 48 കോടി ബോണസായും ലഭിക്കും.
റയല്‍ മാഡ്രിഡ് പരിശീലകവേഷമഴിച്ചാണ് കാർലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞത്. കോച്ചിൻ്റെ മുന്നിലെ ലക്ഷ്യം ബ്രസീലിനെ 2026 ലെ ലോകകപ്പ് ചാമ്പ്യൻമാർ ആക്കുക. 2002 ൽ ആണ് ബ്രസീൽ അവസാനമായി ലോകകപ്പ് ചാമ്പ്യൻമാരായത്.
ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകനാണ് അദ്ദേഹം. ചുമതലയേറ്റതിന് പിന്നാലെ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്നപ്പോള്‍ ടീമിന്റെ കുന്തമുനയായി ഉപയോഗിച്ചിരുന്ന വിനീഷ്യസ് ജൂനിയറിനെ ബ്രസീല്‍ ദേശീയ ടീമിലും അദ്ദേഹം പരിഗണിച്ചു. അതേസമയം നെയ്മറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാസെമിറോയും ടീമില്‍ തിരിച്ചെത്തി.
അടുത്തമാസം എക്വഡോറിനെതിരേയും പാരഗ്വായ്ക്കെതിരേയും നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മധ്യനിര താരവും 2022 ലോകകപ്പിലെ ബ്രസീല്‍ ക്യാപ്റ്റനുമായ കാസെമിറോ ടീമില്‍ തിരിച്ചെത്തി എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ഒരുവർഷമായി കാസെമിറോ ടീമിലില്ലായിരുന്നു.
ജൂണ്‍ ആറിനാണ് ഇക്വഡോറുമായുള്ള ബ്രസീലിന്റെ മത്സരം.ലോകകപ്പ് യോഗ്യത മൽസരത്തിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. 14 കളിയിൽ നിന്ന് 6 ജയം, 3 സമനില, 5 തോൽവിയുമായി 21 പോയിൻ്റാണ് ബ്രസീലിന് ഉള്ളത്. 4-1 ന് അർജൻ്റിനയോട് പരാജയപ്പെട്ടതായിരുന്നു ഏറ്റവും ദയനിയ തോൽവി. ഈ തോൽവിക്ക് പിന്നാലെയാണ് പരീശിലകൻ ഡോറിവൽ ജൂനിയറിൻ്റെ കസേര പോയതും. പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനെതിരെയുള്ള മൽസരം ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാകും ആഞ്ചലോട്ടിയും സംഘത്തിൻ്റെയും ശ്രമം.