
കൊച്ചി മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളി അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.
വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണ് സംഭവം. കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്തത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു.
എന്നാല്‍, അശോക്ദാസിനെ ആരും മർദ്ദിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ രക്തം ഒഴുകുന്ന നിലയിലായിരുന്നെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കെട്ടിയിട്ടതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.