News

ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പ്: വിജ്ഞാപനമായി, നടപടിക്രമങ്ങൾ അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. നിയമസഭയിലെ ഹിന്ദു എം.എൽ.എമാർ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന നാല് അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിട്ട. ജില്ലാ ജഡ്ജ് എം. രാജേന്ദ്രൻ നായരാണ് വരണാധികാരി.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അടുത്തയാഴ്ച ആരംഭിക്കും. ആവശ്യമെങ്കിൽ ജൂലൈ 30-ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തും.

ഒഴിവുകൾ ഇങ്ങനെ

  • തിരുവിതാംകൂർ ദേവസ്വം ബോർഡ്: 1 അംഗം (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്ന്)
  • കൊച്ചിൻ ദേവസ്വം ബോർഡ്: 1 അംഗം (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്ന്)
  • മലബാർ ദേവസ്വം ബോർഡ്: 2 അംഗങ്ങൾ (ഹിന്ദു വിഭാഗത്തിൽ നിന്ന്)

പ്രധാന തീയതികൾ

  • കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും: ജൂൺ 26
  • വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ സ്വീകരിക്കും: ജൂലൈ 4, 5
  • അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും: ജൂലൈ 7
  • നാമനിർദ്ദേശ പത്രിക സമർപ്പണം: ജൂലൈ 11 (രാവിലെ 11 മുതൽ വൈകിട്ട് 4 വരെ)
  • സൂക്ഷ്മ പരിശോധന: ജൂലൈ 11 (വൈകിട്ട് 4.30)
  • പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: ജൂലൈ 15 (വൈകിട്ട് 4 വരെ)
  • മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും: ജൂലൈ 15
  • വോട്ടെടുപ്പ് (ആവശ്യമെങ്കിൽ): ജൂലൈ 30 (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ)

തിരഞ്ഞെടുപ്പ് ഇങ്ങനെ

നിയമസഭയിലെ ഹിന്ദുക്കളായ എം.എൽ.എമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന വോട്ടർ പട്ടിക ജൂൺ 26-ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക നിയമസഭാ മന്ദിരം, പബ്ലിക് റിലേഷൻസ് വകുപ്പ്, റവന്യൂ (ദേവസ്വം) വകുപ്പ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ ലഭ്യമാകും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം, സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവിനേക്കാൾ കൂടുതലാണെങ്കിൽ ജൂലൈ 30-ന് തിരഞ്ഞെടുപ്പ് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 0471-2518397, 9446095148.