KeralaPolitics

കരുവന്നൂര്‍ വെച്ച് സിപിഎം ബിജെപി ധാരണ; പാര്‍ട്ടി നേതാക്കളെ സംരക്ഷിച്ചാല്‍ സുരേഷ് ഗോപിക്ക് വിജയിക്കാന്‍ അവസരം; വിലപേശലും വിരട്ടലും പൊളിക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ?

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നീളുന്നതില്‍ ഹൈക്കോടതി പോലും അതൃപ്തി പ്രകടിപ്പിച്ചതോടെ പുറത്തുവരുന്നത് തട്ടിപ്പുകാരും ഏജന്‍സികളെ വെച്ച് കളിക്കുന്ന കേന്ദ്രത്തിന്റെയും രഹസ്യധാരണകള്‍.

അന്വേഷണം അനന്തമായി നീളുന്നത് സിപിഎമ്മിലെ ഉന്നത നേതാക്കളായ പ്രതികളെ രക്ഷിക്കാനാണെന്നാണ് സംശയിക്കുന്നത്. പി രാജീവ്, എസി മൊയ്തീന്‍, പികെ ബിജു തുടങ്ങീ ഒട്ടേറെ സിപിഎം നേതാക്കളിലേക്ക് നീണ്ട അന്വേഷണമാണ് ഇപ്പോള്‍ എങ്ങുമെത്താതെ നില്‍ക്കുന്നത്. ഇതുവെച്ച് ബിജെപി – സിപിഎം വിലപേശല്‍ നടക്കുകയാണെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെടല്‍ വന്നതോടെ എന്തെങ്കിലും ഉടനെ ചെയ്‌തേ തീരുവെന്ന അവസ്ഥയിലാണ് പാര്‍ട്ടി ഇടനിലക്കാര്‍.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിനെ സംബന്ധിച്ച് 2024 ജനുവരിയിലും മാര്‍ച്ചിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി. മൊയ്തീന്‍, മുന്‍ എംപി പികെ ബിജു, തുടങ്ങീ വലുതും ചെറുതുമായ ഒട്ടേറെ സിപിഎം നേതാക്കളുടേയും പാര്‍ട്ടിയുടേയും കൊള്ള സവിസ്തരം ബോധിപ്പിക്കുന്നു.

അനധികൃത വായ്പ അനുവദിക്കാന്‍ സിപിഎം എറണാകുളം, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും, അനുവദിച്ച വായ്പകളുടെ നിശ്ചിത ശതമാനം പാര്‍ട്ടി ഫണ്ടിലേക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ചിലവഴിച്ചെന്നും ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

ഈ കണ്ടെത്തലെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നും അന്വേഷണ സംഘം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇത് കൂടാതെ സര്‍ക്കാര്‍ സ്ഥാപനമായ റബ്‌കോക്ക് ഈ തട്ടിപ്പിലുള്ള പങ്കും ഇഡി കണ്ടെത്തിയിരുന്നു. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപമോ പലിശയോ മടക്കി നല്‍കാന്‍ റബ്‌കോക്ക് ശേഷി ഇല്ലെന്നും ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മ ആ സ്ഥാപനത്തെ നശിപ്പിക്കുന്നു എന്നും 2022-23 വര്‍ഷത്തെ വരവ് ചിലവ് കണക്ക് അനുസരിച്ച് കേവലം 6 കോടി ലാഭം ഉള്ള സ്ഥാപനം 72 കോടിരൂപ ബിസിനസ്സ് ഇതര ചിലവുകള്‍ക്ക് വിനിയോഗിച്ചത് ഈ കെടുകാര്യസ്ഥതക്കുള്ള ഉദാഹരണമായി ഇഡി ചുണ്ടി കാട്ടുന്നു.

റബ്‌കോ കരുവന്നൂര്‍ ബാങ്കിന് കൊടുക്കാനുള്ള തുക മുതലും പലിശയും ചേര്‍ത്ത് 10 കോടിക്ക് മുകളിലാണ് ഇത് പോലെ തന്നെ മറ്റ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നല്‍കാനുണ്ട്. ഇത്രയും ഗുരുതരമായ കണ്ടെത്തലുകള്‍ ഒരു അന്വേഷണ ഏജന്‍സി കണ്ടെത്തി ഹൈക്കോടതിയെ ബോധിപ്പിക്കുകയും ജനുവരി 2024 ലെ ഇടക്കാല ഉത്തരവില്‍ ഈ കണ്ടെത്തലുകള്‍ ശരിവെക്കുകയും തുടര്‍ അന്വേഷണങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇ.ഡി ഈ അന്വേഷണങ്ങള്‍ എല്ലാം ഒരു ഘട്ടത്തില്‍ അവസാനിപ്പിച്ച മട്ടാണ് ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. 2024 മാര്‍ച്ച് 18ന് ഇഡിക്ക് വേണ്ടി ഹാജാരായ അഭിഭാഷകനോട് നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത് എന്നും അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്നും കോടതി കാലപരിധി നിശ്ചയിക്കണോ എന്നും ചോദിച്ചു. അടുത്ത ഏപ്രില്‍ 1 ന് കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി അറിയക്കണമെന്നും നിര്‍ദ്ദേശിച്ചു.

കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം മുന്‍നിര നേതാക്കളിലേക്ക് എത്തുന്നത് ബിജെപി നേതൃത്വം ഇടപെട്ട് വിലക്കിയിരിക്കുകയാണ്. പകരം ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കണം. ഈ ധാരണ ഹൈക്കോടതി ഇടപെടലിലൂടെ തകരുമോ എന്ന് കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *