Loksabha Election 2024Politics

കെ. രാധാകൃഷ്ണന്‍ ജയിച്ചാല്‍ കോളടിക്കുന്നത് പി.വി. ശ്രീനിജിന്; കൊടിവെച്ച കാറില്‍ പറക്കാന്‍ തയ്യാറെടുത്ത് കുന്നത്തുനാട് എംഎല്‍എ

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മന്ത്രി കെ. രാധാകൃഷ്ണനാണ്. രമ്യ ഹരിദാസിനെ തൊല്‍പ്പിക്കാന്‍ പിണറായി നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കാണ് തട്ടകത്തിലെ ശക്തനെ രംഗത്തിറക്കിയതെന്നാണ് സാധാരണ സഖാക്കള്‍ വിചാരിക്കുന്നത്. എന്നാല്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചാല്‍ രാഷ്ട്രീയ ലാഭം പാര്‍ട്ടിയേക്കാള്‍ ചില പാര്‍ട്ടി സഖാക്കള്‍ക്കാണെന്നാണ് പിന്നീടുള്ള നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

രണ്ടാം പിണറായി മന്ത്രിസഭയില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന കാര്യവും ദേവസ്വവുമാണ് കെ. രാധാകൃഷ്ണന്‍ വഹിക്കുന്ന ചുമതലകളില്‍ പ്രധാനം. ആ സ്ഥാനത്തുനിന്ന് ലോക്‌സഭാംഗമായി രാധാകൃഷ്ണന്‍ ഡല്‍ഹിയിലേക്ക് കൂടുമാറിയാല്‍. പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കുന്നതില്‍ പ്രധാനി കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനായിരിക്കും. അത്തരമൊരു ഓഫര്‍ ശ്രീനിജന് മുന്നില്‍ ക്ലിഫ് ഹൗസിലെ പ്രബലനായ സിപിഎം നേതാവ് നല്‍കിയിട്ടുണ്ടെന്നാണ് കുന്നത്തുനാട്ടിലെ ശ്രീനിജന്റെ വിശ്വസ്തര്‍ അടക്കം പറയുന്നത്.

കോടിശ്വരനായ എം.എല്‍.എയാണ് പി.വി ശ്രീനിജന്‍. 15.36 കോടിയാണ് ശ്രീനിജന്റെ ആസ്തി. കോണ്‍ഗ്രസിന്റെ ജനകീയനായ എം.എല്‍.എ വി.പി. സജീന്ദ്രനെതിരെ അട്ടിമറി വിജയം നേടിയാണ് ശ്രീനിജന്‍ നിയമസഭയില്‍ എത്തിയത്. 2717 വോട്ടിന്റെ നേരിയ മാര്‍ജിനില്‍ ആയിരുന്നു ശ്രീനിജന്റെ വിജയം.

സാബു ജേക്കബിന്റെ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി 41,890 വോട്ട് പിടിച്ചതാണ് വി.പി. സജീന്ദ്രന്റെ പരാജയ കാരണം. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയുടെ മിടുക്കില്‍ ശ്രീനിജന്‍ നിയമസഭയില്‍ എത്തിയെന്ന് ചുരുക്കം. കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ മല്‍സരിക്കും എന്ന് തുടക്കം മുതല്‍ പ്രചരിച്ചിരുന്നെങ്കിലും മന്ത്രിക്ക് മത്സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ചാണ് ആലത്തൂരില്‍ രംഗത്തിറക്കിയത്.

ഇങ്ങനെയൊക്കെയാണെങ്കിലും, പി.വി. ശ്രീനിജിന്റെ മന്ത്രിയാകാനുള്ള ആഗ്രഹം എളുപ്പമല്ലെന്നാണ് ആലത്തൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2019 ല്‍ പുതുമുഖമായി എത്തി 1,58,968 ഭൂരിപക്ഷത്തിന് ആലത്തൂരില്‍ വെന്നിക്കൊടി പാറിച്ച രമ്യ ഹരിദാസിനെ തോല്‍പിക്കാന്‍ കെ. രാധാകൃഷ്ണന്‍ പഠിച്ച പണി പതിനെട്ടും പയറ്റേണ്ടി വരും.

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ആലത്തൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കണ്ണിലുണ്ണിയായി മാറാന്‍ രമ്യക്ക് കഴിഞ്ഞെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ വിശ്വാസം. പിണറായിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോള്‍ രമ്യയുടെ ഭൂരിപക്ഷം വീണ്ടും ഉയരുമെന്നന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. കെ. രാധാകൃഷ്ണന്‍ തോറ്റാല്‍ പി.വി. ശ്രീനിജിന്‍ കരയും എന്ന് വ്യക്തം. കൂടെ കരയാന്‍ മന്ത്രി മുഹമ്മദ് റിയാസും ഉണ്ടാവും. രാധാകൃഷ്ണന്‍ മന്ത്രിയായി തിരുവനന്തപുരത്തേക്കും രമ്യ എം.പിയിയായി ഡല്‍ഹിയിലേക്കും പറക്കും.

Leave a Reply

Your email address will not be published. Required fields are marked *