NationalNews

ബെംഗളൂരുവിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു, ദുരഭിമാനക്കൊലയെന്ന് സംശയം

ബെംഗളൂരു: ജില്ലയിൽ ചന്ദാപുര മേഖലയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദുരഭിമാനക്കൊലയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഡ്രൈവറായി ജോലി ചെയ്യുന്ന മനുവിന്റെയും (25) കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ അ‍ർചിതയുടെയും (20) മകളാണ് മരിച്ചത്. മിശ്രജാതി വിവാഹം കഴിച്ച ഇവർ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇരുവരുടെയും വീടുകൾ തമ്മിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ദൂരമുള്ളത്. സംഭവത്തിൽ കൊലപാതകത്തിന് പോലീസ് കേസെടുത്തു. മരണം ദുരഭിമാന കൊലയവനാണ് സാധ്യതയെന്നും കുടുംബത്തിൽ നിന്നു തന്നെയുള്ള ആരെങ്കിലുമാവാം ഇതിനു പിന്നിലെന്നും ഉന്നത പോലീസ് അറിയിച്ചു.

കു‌ഞ്ഞിനെ മുറിയ്ക്കകത്ത് തൊട്ടിലിൽ കിടത്തിയ ശേഷം ശുചിമുറിയിലേക്ക് പോയ അർച്ചിത 12.20ന് മടങ്ങിവന്ന് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ഞെട്ടിപ്പോയ അവർ വീട്ടിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. അർച്ചിതയുടെ മുത്തശ്ശി രുക്മിണിയമ്മ ഉടൻ തന്നെ അർച്ചിതയുടെ അച്ഛനെ വിവരമറിയിക്കുകയും ജോലി സ്ഥലത്തായിരുന്ന അദ്ദേഹം ഉടൻ തന്നെ സൂര്യനഗർ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് കുഞ്ഞിനായി തിരച്ചിൽ നടത്തുകയും സമീപ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ ആരും അതിക്രമിച്ച് കയറുന്നതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനിടെ കുഞ്ഞിന്റെ അച്ഛൻ മനു, നാട്ടുകാർ പറഞ്ഞത് പ്രകാരം വീടിന്റെ രണ്ടാം നിലയുടെ മുകളിലുള്ള വാട്ടർ ടാങ്ക് പരിശോധിക്കാൻ ചെല്ലുകയും, തുടർന്ന് മനുവിന്റെ നിലവിളി കേട്ടുകൊണ്ട് എല്ലാവരും അവിടേയ്ക്ക് ഓടി ചെല്ലുകയായിരുന്നു.

നോക്കുമ്പോൾ മനു ജീവനറ്റ കുഞ്ഞിന്റെ ശരീരവുമായി നിലത്ത് കിടക്കുകയായിരുന്നു. വാട്ടർ ടാങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു എന്ന് മനു പറഞ്ഞു. ഒരു നവജാത ശിശുവിനെ കൊള്ളാൻ മാത്രം ആളുകൾക്ക് എങ്ങനെയാണ് പെരുമാറാൻ കഴിയുന്നതെന്ന് അർച്ചിതയുടെ അച്ഛൻ മുരളി അലമുറയിട്ട് ചോദിക്കുന്നുണ്ടായിരുന്നു.

അർച്ചിതയ്ക്ക് മാസം തികയാതെയുള്ള പ്രസവമായിരുന്നെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുടെ വീട്ടിലാണ് അർച്ചിത താമസിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മാസം തികയാതെ പ്രസവിച്ചാൽ കുഞ്ഞിന് ശ്വസന സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. തുടർന്ന് അർചിതയുടെ മാതാപിതാക്കളാണ് കുഞ്ഞിനെയും അമ്മയെയും പരിചരിച്ചിരുന്നത്. സമീപത്തെ കെട്ടിടത്തിലൂടെയാവാം കൊലയാളി വീട്ടിൽ കടന്നതെന്നാണ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *