
ഇഎംഎസ് സ്മൃതിക്ക് 45 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് കെ.എൻ. ബാലഗോപാൽ
വിവാദങ്ങളെ തുടർന്ന് മാറ്റിവെച്ച നിയമസഭയിലെ ഇഎംഎസ് സ്മൃതി നിർമ്മാണം വേഗത്തിലാക്കാൻ സ്പീക്കർ എ.എൻ. ഷംസീർ
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇഎംഎസ് സ്മൃതി പ്രാജക്ടിന് 45 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭ മ്യൂസിയത്തിലാണ് ഇഎംഎസ് സ്മൃതി നിർമ്മിക്കുന്നത്.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്. തുക ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിയമസഭയുടെ പഠന ഗവേഷണ മ്യൂസിയം ശീർഷകത്തിൽ വച്ചാണ് 45 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചത്. 8 ലക്ഷം രൂപയാണ് ഈ ശീർഷകത്തിലെ ബജറ്റ് വിഹിതം.
ആ തുക തീർന്നതിനെ തുടർന്നാണ് 45 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. ഇഎംഎസ് സ്മൃതി പ്രൊജക്ടിന് ഒരു കോടി രൂപ ചെലവാകും എന്നാണ് സൂചന. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഇഎംഎസ് സ്മൃതി നിർമ്മാണത്തിന് തീരുമാനിച്ചിരുന്നു. 82 ലക്ഷം രൂപ ആയിരുന്നു ചെലവ്.

പാർട്ടി ചാനലിലെ പ്രമുഖനായിരുന്നു നിർമ്മാണ ചുമതല. ഇത് വിവാദമായതിനെ തുടർന്ന് അന്ന് സ്മൃതി നിർമ്മാണം സർക്കാർ ഉപേക്ഷിച്ചു. 7 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇ.എം.എസ് സ്മൃതി നിർമ്മിക്കാൻ തീരുമാനിച്ചത്. അന്ന് ഉപേക്ഷിച്ച തീരുമാനം എത്രയും വേഗം നടപ്പിലാക്കാൻ പാർട്ടി സ്പീക്കർക്ക് നിർദ്ദേശം നൽകിയതോടെയാണ് തിടുക്കത്തിൽ ഇ.എം.എസ് സ്മൃതി നിർമ്മാണം നടത്താൻ ഷംസീർ തീരുമാനിച്ചത്.
ഭരണത്തിന്റെ കാലാവധി തീരാൻ 15 മാസം മാത്രം ആണ് അവശേഷിക്കുന്നത്. ഭരണം മാറിയാൽ ഇഎംഎസ് സ്മൃതി നിർമ്മാണം നടക്കില്ലെന്നും അതുകൊണ്ട് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നുമാണ് സർക്കാർ നിർദ്ദേശം.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ 700 കോടിയോളം രൂപയുടെ ബജറ്റ് വിഹിതം വെട്ടിയ ബാലഗോപാൽ ഇ എം എസ് സ്മൃതിക്ക് അധിക ഫണ്ട് അനുവദിക്കുന്ന വിരോധഭാസത്തിന് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിക്കുന്നത്.