
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകൾക്ക് ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം.
കണ്ണൂർ സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ബിലാസ്പുരിലെ എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
പാസ്‌പോർട്ട് കെട്ടിവെക്കുക, 50,000 രൂപ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ എതിർത്തില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.

കേസിന്റെ നാൾവഴി
ഓഫീസ്, ആശുപത്രി എന്നിവിടങ്ങളിലെ ജോലിക്കായി മൂന്ന് പെൺകുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പ്രായപൂർത്തിയായ പെൺകുട്ടികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ജോലിക്കാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയിട്ടും പോലീസ് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
മനുഷ്യക്കടത്ത് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമായതിനാൽ കേസ് എൻഐഎ കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് ദുർഗിലെ ജയിലിൽ എത്തുന്ന മുറയ്ക്ക് ഇരുവരും ജയിൽ മോചിതരാകും.