News

‘ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചത്’; മന്ത്രിമാർക്കെതിരെ വി.ഡി. സതീശൻ

കോട്ടയം: കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ, മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി നടത്തിയ പരാമർശത്തെയും സൂംബാ ഡാൻസ് കളിച്ചതിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാർക്ക് മനസാക്ഷിയില്ലേയെന്ന് ചോദിച്ച അദ്ദേഹം, മന്ത്രിമാരുടെ നാവിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

“ഷോക്കേറ്റു മരിച്ച കുട്ടിയുടെ കുഴപ്പമാണെന്നാണ് പുതിയ കണ്ടുപിടുത്തം. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനസാക്ഷിയില്ലേ?” എന്ന് സതീശൻ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് ചോദിച്ചു. വയനാട്ടിൽ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസം വനംമന്ത്രി ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിനും സമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ ഓഡിറ്റിംഗ് എവിടെ?

വൈദ്യുത ലൈനിന് തൊട്ടുമുകളിലൂടെ പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് സതീശൻ ചോദിച്ചു. വയനാട്ടിലെ സ്കൂളിൽ പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചപ്പോൾ, സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നതാണ്. ആശുപത്രികളിലും ഇത്തരം ഓഡിറ്റിംഗ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരാൾ പോലും ദുരന്തത്തിനിരയായ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായിട്ടില്ല. പകരം, ചെരുപ്പ് എടുക്കാൻ മുകളിൽ കയറിയ കുട്ടിയെ കുറ്റവാളിയാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തി ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നും സതീശൻ ആവശ്യപ്പെട്ടു.