Kerala Government News

ജീവനക്കാരുടെ ആകസ്മിക അവധി പരിധി ഉയർത്തി

ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ പ്രത്യേക ആകസ്മിക അവധിയുടെ പരിധി ഉയർത്തി. ഒരു കലണ്ടർ വർഷത്തിൽ 45 ദിവസത്തിൽ കവിയാത്ത പ്രത്യേക ആകസ്മികാവധിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇത് 90 ദിവസങ്ങളായി ആണ് ഉയർത്തിയത്.

നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ അവധി ഉണ്ടായിരുന്നുള്ളൂ. ഹൃദയ വാൽവ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ജീവനക്കാർക്ക് കൂടി അവധി ബാധകമാക്കിട്ടുണ്ട്. ഈ മാസം മൂന്നിനാണ് ഉത്തരവിറങ്ങിയത്. ഉത്തരവ് തീയതി മുതൽ മാത്രമാണ് അവധിക്ക് പ്രാബല്യം ഉണ്ടായിരിക്കുക.

Government Order about Staff Leave

ഉത്തരവില്‍ പറയുന്നത് ഇങ്ങനെ

  1. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് ഒരു അംഗീകൃത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കുന്ന പക്ഷം കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം ഒന്ന്, അനുബന്ധം VII, സെക്ഷൻ II, ചട്ടം 19 ലെ വ്യവസ്ഥകൾക്ക് വിധേയമായി ഒരു കലണ്ടർ വർഷത്തിൽ 45 ദിവസങ്ങളിൽ കവിയാത്ത പ്രത്യേക ആകസ്മികാവധിയ്ക്ക് അർഹതയുണ്ട്.
  2. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ പ്രത്യേക ആകസ്മികാവധിയുടെ പരിധി 90 ദിവസങ്ങളായി ഉയർത്തണമെന്നും ഈ ആനുകൂല്യം ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് കൂടി ബാധകമാക്കണമെന്നും ഉള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
  3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം ഒന്ന്, അനുബന്ധം VII, സെക്ഷൻ II, ചട്ടം 19 പ്രകാരം അനുവദനീയമായ പ്രത്യേക ആകസ്മികാവധിയുടെ പരിധി ടി ചട്ടത്തിലെ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ഒരു കലണ്ടർ വർഷത്തിൽ പരമാവധി 90 ദിവസങ്ങളായി ഉയർത്തിയും, ടി ആനുകൂല്യം ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് കൂടി അനുവദനീയമാണ് എന്ന് സ്പഷ്ടീകരണം നൽകിയും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
  4. ഇതിന് ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യം ഉണ്ടായിരിയ്ക്കുന്നതാണ്
  5. കേരള സർവ്വീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി പ്രത്യേകം ഉത്തരവ് പുറപ്പെടുവിയ്ക്കുന്നതാണ്.