
രത്തൻ ടാറ്റയുടെ വിയോഗം : പത്രസമ്മേളനം ഒഴിവാക്കി ടിസിഎസിന്റെ രണ്ടാം പാദ ഫല പ്രഖ്യാപനം
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ പ്രകടനം പ്രഖ്യാപിക്കുന്നതിനായി ഇന്ന് വൈകുന്നേരം നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്). ഇന്ന് വൈകുന്നേരം 5.30 നാണ് പത്രസമ്മേളനം നിശ്ചയിച്ചിരുന്നത്. അന്തരിച്ച ടാറ്റ സൺസിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ മരണത്തെ തുടർന്നാണ് ഈ തീരുമാനം.
നേരത്തെ ഷെഡ്യൂൾ ചെയ്തതുപോലെ, ബോർഡ് മീറ്റിംഗിന് ശേഷം ടിസിഎസ് ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ പ്രകടനത്തെക്കുറിച്ച് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരം 7 മണിക്ക് ഷെഡ്യൂൾ പ്രകാരം അനലിസ്റ്റുകളുമായുള്ള കോൾ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ജൂലൈയിൽ, ടിസിഎസ് പാദം -1 ലെ അറ്റാദായത്തിൽ പ്രതിവർഷം 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 12,040 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 5.4 ശതമാനം വർധിച്ച് 62,613 കോടി രൂപയായി.
അതേസമയം അന്തരിച്ച മഹാവ്യവസായിയ്ക്ക് ലോകമെമ്പാടും നിന്ന് ആദരാഞ്ജലികൾ പ്രവഹിച്ചു. 1991 മുതൽ 2012 വരെ രത്തൻ ടാറ്റ, ടാറ്റ സൺസിൻ്റെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, 100 ബില്യൺ ഡോളർ മൂല്യമുള്ള ആഗോള സാമ്രാജ്യമായി മാറുന്നതിന് ടാറ്റ ഗ്രൂപ്പ് സാക്ഷ്യം വഹിച്ചു. മരണത്തിൽ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെയും സ്വഭാവ ശക്തിയെയും സ്മരിച്ചു. അനുകമ്പയുള്ള അസാധാരണ മനുഷ്യൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു . 2008-ൽ രത്തൻ ടാറ്റയ്ക്ക് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.