National

സച്ചിന്‍ പൈലറ്റും സാറാ അബ്ദുല്ലയും വേര്‍പിരിഞ്ഞു; വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും ഭാര്യ സാറാ അബ്ദുല്ലയും വിവാഹബന്ധം വേര്‍പിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സച്ചിന്‍ പൈലറ്റ് ‘വിവാഹ മോചിതന്‍’ എന്ന് സൂചിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകളും ഒമര്‍ അബ്ദുല്ലയുടെ സഹോദരിയുമാണ് സാറ. സച്ചിനും സാറയും ലണ്ടനില്‍ പഠനകാലത്താണ് പരസ്പരം പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. 2004ലായിരുന്നു ഇരുവരുടെയും വിവാഹം.

ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദവും അന്താരാഷ്ട്ര കാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് സാറ. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് മണ്ഡലമായ ടോങ്കില്‍ നിന്നാണ് സച്ചിന്‍ ഇക്കുറിയും മത്സരിക്കുന്നത്. സച്ചിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാന്‍ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബര്‍ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അധികാര തര്‍ക്കമുണ്ടായിരുന്നെങ്കിലും സച്ചിന്‍ പൈലറ്റ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐക്യം ഉറപ്പാക്കുന്നുണ്ട്. മറക്കാനും പൊറുക്കാനും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെന്നും അതനുസരിച്ച് കോണ്‍ഗ്രസിന്റെ ഐക്യം രാജസ്ഥാനില്‍ താന്‍ ഉറപ്പാക്കുമെന്നുമാണ് ഇപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *