
കടന്നപ്പള്ളിക്ക് അഡീഷണൽ കാർ ഷെഡ് പണിയാൻ പണം അനുവദിച്ചു
ആശ വർക്കർമാർക്ക് പണം കൊടുക്കാനില്ലെന്ന് ആവർത്തിക്കുമ്പോഴും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അഡീഷണൽ കാർ ഷെഡിന് 3.74 ലക്ഷം നൽകി കെ.എൻ ബാലഗോപാൽ
സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിലും മന്ത്രി മന്ദിരങ്ങളിലെ മോടി പിടിപ്പിക്കലിന് നിർലോഭം പണം നൽകുന്ന ആളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപയാണ് ഇക്കാലയളവിൽ ബാലഗോപാൽ നൽകിയത്. ക്ലിഫ് ഹൗസിലെ ചാണക കുഴിക്ക് മാത്രം 4.40 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്.
നീന്തൽക്കുളം, ലിഫ്റ്റ്, കാലി തൊഴുത്ത് തുടങ്ങിയവക്ക് ലക്ഷങ്ങൾ വേറെയും. ഗാന്ധിയനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പണം ചെലവഴിക്കുന്നതിൽ മോശമല്ല. ഔദ്യോഗിക വസതിയായ നിളയിൽ അഡീഷണലായി കാർ ഷെഡ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കടന്നപ്പള്ളി.
3.74 ലക്ഷമാണ് കാർ ഷെഡിൻ്റെ ചെലവ്. ഇതിൻ്റെ ടെണ്ടർ മരാമത്ത് വകുപ്പ് ക്ഷണിച്ചിരുന്നു. ഏപ്രിൽ 2 നായിരുന്നു ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി. പണി പൂർത്തിയാകുമ്പോൾ ചെലവ് ഇനിയും ഉയരും എന്നാണ് സൂചന.
232 രൂപ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരുടെ ഓണറേറിയം ഒരു രൂപ പോലും വർദ്ധിപ്പിക്കാത്ത ബാലഗോപാൽ ആണ് കടന്നപ്പള്ളിക്ക് അഡീഷണൽ കാർ ഷെഡ് ചെയ്യാൻ 3.74 ലക്ഷം നൽകുന്നത് എന്നതാണ് വിരോധാഭാസം.