Kerala Government News

കേരളീയം മാമാങ്കത്തിൻ്റെ ചുമതല മുഹമ്മദ് റിയാസിന്; പണം പിരിക്കാൻ മേയർ ആര്യ രാജേന്ദ്രൻ എത്തും! നടി ശോഭനക്ക് ഇത്തവണ വിലക്ക്

സംസ്ഥാനത്ത് മരുമകൻ ഭരണം ശക്തി പ്രാപിക്കുന്നു. കേരളീയം മാമാങ്കത്തിനായി സർക്കാർ പുതിയ ശീർഷകം തുറന്നിരിക്കുകയാണ്. റിയാസിൻ്റെ ടൂറിസം വകുപ്പിനാണ് പിണറായി കേരളിയത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. 3452- 80- 104 – 99 – 04- പ്ലാൻ ( വോട്ടഡ് ) എന്ന ശീർഷകമാണ് കേരളീയത്തിനായി ബാലഗോപാൽ അനുവദിച്ചിരിക്കുന്നത്.

ഇതിൻ്റെ ഉത്തരവ് ഈ മാസം 9 ന് പുറത്തിറങ്ങി. കേരളീയത്തിന് പണം അനുവദിക്കുന്നത് ഈ ശീർഷകത്തിൽ ആയിരിക്കും. കഴിഞ്ഞ വർഷം കേരളീയത്തിൻ്റെ സ്പോൺസർഷിപ്പ് പണം എത്തിയിരുന്നത് പി.ആർ.ഡി ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലായിരുന്നു. 12 കോടി ഈ അക്കൗണ്ടിലെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്ക്. ഇനിയും പണം കിട്ടാനുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സ്പോൺസർമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

നികുതി വെട്ടിപ്പുകാരാണ് ഭൂരിഭാഗം സ്പോൺസർമാർ എന്നാണ് സൂചന. മുഖ്യമന്ത്രി സ്പോൺസർമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൻ്റെ പശ്ചാത്തലവും മറ്റൊന്നല്ല. ഈ വർഷം ഡിസംബറിലാണ് കേരളീയം പരിപാടി നടത്തുക. സ്പോൺസർഷിപ്പ് ചെയർപേഴ്സൺ മേയർ ആര്യ രാജേന്ദ്രൻ ആയിരിക്കും. തലസ്ഥാനത്തെ മുതലാളിമാരുടെ കടകളിൽ നിന്ന് പണം എത്തിക്കുക എന്നതാണ് മേയറുടെ ജോലി. കഴിഞ്ഞ തവണ വ്യാപകമായി പണ പിരിവ് നടത്തി കേരളീയത്തിനായി അഹോരാത്രം പണിയെടുത്ത ജി.എസ്.റ്റി അഡീഷണൽ കമ്മീഷണർ എബ്രഹാം റെന്നിനാണ് ഇത്തവണയും ആര്യയെ സഹായിക്കാനുള്ള ചുമതല.

മേയർ കസേരയിൽ ആര്യയ്ക്ക് ഇനിയൊരു ഊഴം ലഭിക്കില്ല. സീറ്റ് പോലും ആര്യയ്ക്ക് കൊടുക്കരുത് എന്നാണ് സിപിഎം തീരുമാനം. തലസ്ഥാനത്ത് മേയർ വിരുദ്ധ വികാരം അതിശക്തമാണ് എന്ന വിലയിരുത്തലാണ് സിപിഎമ്മിൽ ഉള്ളത്. 2025 ൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മേയർ കസേരയിൽ ഇരുന്ന് കൊണ്ട് കേരളിയ ത്തിനായി പണ പിരിവ് നടത്താനുള്ള അവസാന അവസരമാണ് ആര്യയ്ക്ക്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പിരിവ് നടത്താനും സ്പോൺസർമാരെ കണ്ടെത്താനും ആര്യ ശ്രമിക്കും.

തന്നെ ഒതുക്കാൻ ശ്രമിക്കുന്ന ചില സിപിഎം നേതാക്കൻമാർക്ക് ഇതിലൂടെ മറുപടി പറയാൻ സാധിക്കുമെന്നാണ് മേയറുടെ പ്രതീക്ഷ. ഫണ്ട് കൂടിയാൽ മുഖ്യൻ്റേയും മരുമകൻ്റേയും മുഖം കൂടുതൽ പ്രസാദിക്കും. തലസ്ഥാനത്തെ കോർപ്പറേഷൻ സീറ്റ് ലഭിച്ചില്ലേലും എം.എൽ. എ സീറ്റ് ഇതിലൂടെ ലഭിക്കാമെന്ന കണക്ക് കൂട്ടലിലാണ് ആര്യ. ആര് ഫണ്ട് പിരിച്ചാലും അത് റിയാസിൻ്റെ വകുപ്പിൽ കൊടുക്കാൻ ബാലഗോപാൽ ഉത്തരവിട്ട സ്ഥിതിക്ക് റിയാസും ഹാപ്പി. കേരളിയത്തിന് വന്ന ലക്ഷങ്ങൾ കൊണ്ട് പോയ നടി ശോഭനയെ ഡിസംബറിൽ നടക്കുന്ന കേരളിയം പരിപാടിക്ക് വിളിക്കരുത് എന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.

കേരളിയത്തിന് മുഖ്യമന്ത്രിയോടൊപ്പം സെൽഫിയെടുത്ത് നാലാം മാസം ബി.ജെ.പി രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ ശോഭന രംഗത്തിറങ്ങിയിരുന്നു. ശോഭന വേണോ വേണ്ടയോ എന്ന് മുഹമ്മദ് റിയാസ് തീരുമാനിക്കും. കേരളിയം ഫണ്ടിൻ്റെ കസ്റ്റോഡിയൻ റിയാസ് ഇത്തവണ ശോഭനക്ക് വിലക്ക് ഏർപ്പെടുത്തും എന്നാണ് സൂചന. ഐസക്കും ബേബിയും ശത്രുനിരയിൽ ഉണ്ടെങ്കിലും മുഖ്യമന്ത്രി കസേരയിൽ പിണറായി ഉള്ളിടത്തോളം കാലം മരുമകന് ശുക്രനാണ്. മന്ത്രിസഭയിലെ ശുക്രനക്ഷത്രത്തിന് , ബഹുമാനപ്പെട്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് എല്ലാ ആശംസകളും.

One Comment

Leave a Reply

Your email address will not be published. Required fields are marked *