
ആഞ്ചലോട്ടിയുടെ കീഴിൽ ബ്രസീൽ നാളെ രണ്ടാം മൽസരത്തിന് ഇറങ്ങുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.15 നാണ് മൽസരം.
ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. പരാഗ്വേ മൂന്നാം സ്ഥാനത്തും. 15 കളിയിൽ നിന്ന് 24 പോയിൻ്റ് പരാഗ്വേയ്ക്ക് ഉണ്ട്. അത്രയും കളിയിൽ നിന്ന് ബ്രസിലിന് ഉള്ളത് 22 പോയിൻ്റും. നാളെ പരാഗ്വേയെ തോൽപിച്ചാൽ ബ്രസിലിന് 25 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് എത്താം. ഇക്വഡോറാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് 34 പോയിൻ്റുള്ള അർജൻ്റിനയും.ആദ്യ ആറ് സ്ഥാനക്കാർ അടുത്ത വർഷം അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.
അതിശക്തമായ പ്രതിരോധം ആണ് പരാഗ്വേയുടെ കരുത്ത്. അവസാനം കളിച്ച 5 മൽസരങ്ങളിൽ പരാഗ്വേ പരാജയപ്പെട്ടിട്ടില്ല. 3 ജയവും 2 സമനിലയും ആണ് അവസാന അഞ്ച് കളിയിലെ പരാഗ്വേയുടെ സമ്പാദ്യം. മറുവശത്ത് ബ്രസീലിന് ഒരു കളിയിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. 3 എണ്ണം സമനിലയിൽ പിരിഞ്ഞു. ഒരു കളിയിൽ അർജൻ്റിനയോട് ദയനിയമായി പരാജയപ്പെട്ടു. ഈ തോൽവിയെ തുടർന്നാണ് കോടികൾ മുടക്കി ആഞ്ചലോട്ടിയെ പരിശീലകനായി ബ്രസീൽ നിയമിച്ചത്.
ആഞ്ചലോട്ടിയുടെ കീഴിലെ ആദ്യ കളിയിൽ ഇക്വഡോറിനോട് ബ്രസീൽ സമനില വഴങ്ങി. വിനിഷ്യസ് ജൂനിയറും കസിമെറോയും ഗോളിലേക്ക് ലക്ഷ്യം വച്ച രണ്ട് ഷോട്ടുകൾ ഉതിർത്തെങ്കിലും ഫലം കണ്ടില്ല. പരിക്ക് മൂലം ഇക്വഡോറിന് എതിരെ മൽസരത്തിൽ ഇല്ലാതിരുന്ന റഫീഞ്ഞയുടെ മടങ്ങിവരവിലാണ് ആഞ്ചലോട്ടിയുടെ പ്രതീക്ഷ. ബാഴ്സലോണ താരമായ റഫീഞ്ഞ മികച്ച ഫോമിലാണ്. റയൽ താരമായ വിനിഷ്യസിനോടൊപ്പം റഫീഞ്ഞയും ചേരുമ്പോൾ ആക്രമണത്തിൻ്റെ മൂർച്ച കൂടും.
ഗോൾ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള നെയ്മർ ടീമിൽ ഇല്ലാത്തതാണ് ബ്രസിലിനെ അലട്ടുന്ന പ്രധാന പ്രശ്നം. ജയം മാത്രമാണ് ബ്രസിലിൻ്റെ ലക്ഷ്യം. പരാഗ്വേ പ്രതിരോധത്തെ മറികടക്കാൻ റഫീഞ്ഞക്കും സംഘത്തിനും കഴിയുമെന്ന പ്രതീക്ഷയിലാണ് ആഞ്ചലോട്ടിയും ബ്രസീൽ ആരാധകരും.