
ഇതിഹാസ താരം ക്രിസ്റ്റാനോ റൊണാൾഡോ അൽ – നാസർ വിട്ടു. സൗദി പ്രോ ലീഗ് അവസാനിച്ച് മണിക്കൂറുകൾക്കകം ” Chapter is over” പ്രഖ്യാപിച്ച് ക്രിസ്റ്റാനോ റൊണാൾഡോ. അടുത്ത മാസം അമേരിക്കയിൽ ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിക്കാൻ മൊറോക്കൻ ക്ലബ്ബിലേക്ക് റൊണാൾഡോ ചേക്കേറുമെന്നാണ് റിപ്പോർട്ട്.
2022 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേർന്നത്. അൽ- നാസറിന് വേണ്ടി ഇറങ്ങിയ അവസാന മൽസരത്തിലും റൊണാൾഡോ ഗോൾ നേടിയിരുന്നു. റൊണാൾഡോയുടെ ചാട്ടുളി പോലുള്ള ഹെഡർ ഗോളിൽ മുന്നിട്ട് നിന്നെങ്കിലും മൽസരത്തിൽ അൽ നാസറിന് തോൽവി നേരിട്ടു. 2 നെതിരെ 3 ഗോളിനാണ് എതിരാളിയായ അൽ ഫെച്ച് വിജയിച്ചത്.
മൽസരം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം ” ഈ അധ്യായം അവസാനിച്ചു,” അൽ-നാസർ ഷർട്ടിൽ നിൽക്കുന്ന തന്റെ ഫോട്ടോ സഹിതമാണ് റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചത്.”കഥ? ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നന്ദി,” എന്നും താരം കൂട്ടിച്ചേർത്തു.
അൽ നാസറിന് വേണ്ടി 99 ഗോളുകൾ റൊണാൾഡോ അടിച്ചു കൂട്ടി. 111 കളിയിൽ നിന്നായിരുന്നു താരത്തിൻ്റെ 99 ഗോളുകൾ.