Sports

ഇന്ത്യ-പാക് ടിക്കറ്റിന് പൊന്നും വില; 1.86 കോടി ഉയർന്ന നിരക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജൂണിൽ അമേരിക്കലിയും കാനഡയിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സര ടിക്കറ്റിന് പൊന്നും വിലയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 22നാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. മണിക്കൂറുകൾക്കകം ഇന്ത്യ-പാക് കളിയുടെ ഓൺലൈൻ ടിക്കറ്റുകൾ വിറ്റു തീരുകയും ചെയ്തു. സ്റ്റബ് ഹബ്, സീറ്റ് ഗീക്ക് വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപന നടന്നത്. ജൂൺ ഒൻപതിന് ന്യൂയോർക്കിലാണ് ഇന്ത്യ-പാക് ആവേശ പോരാട്ടം. 15ന് ഫ്‌ളോറിഡയിൽ കാനഡക്കെതിരായ മാച്ചിന്റെ ടിക്കറ്റും ഇതിനോടകം വിറ്റുതീർന്നു.

റീസെയിൽ വെബ്‌സൈറ്റായ സ്റ്റബ് ഹബ്, സീറ്റ് ഗീക്ക് എന്നിവയിലൂടെ മാത്രമാണ് ഇപ്പോൾ ഇന്ത്യ-പാക്, ഇന്ത്യ-കാനഡ മത്സര ടിക്കറ്റ് വിൽപന നടന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വെബ്‌സൈറ്റ് വിവരമനുസരിച്ച് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 497 രൂപയാണ്(6ഡോളർ). ഉയർന്ന നിരക്ക്(33,160) രൂപയും(400 ഡോളർ). എന്നാൽ ഡിമാൻഡ് അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാകും.

ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് ഏറ്റവും കുറഞ്ഞ് നിരക്ക് തന്നെ 1.04 ലക്ഷമാണ് സ്റ്റബ് ഹബ് ഈടാക്കുന്നതെന്നാണ് വിവരം. വിഐപി ടിക്കറ്റുകൾക്ക് സീറ്റ്ഗീക്ക് ആവശ്യപ്പെടുന്നത് ഒരു കോടി രൂപയിലധികമാണ്.പ്ലാറ്റ്‌ഫോം ഫീസ് ഉൾപ്പെടെ 1.86 കോടിയാകും. അമേരിക്കയിലെ പ്രധാന മത്സരങ്ങളായ എൻബിഎ ബാസ്‌ക്കറ്റ്‌ബോളിനും മേജർലീഗ് ബേസ്‌ബോളിനോടും കിടപിടിക്കുന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ടിക്കറ്റ് നിരക്കും.

നിലവിൽ അയൽ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് ഐസിസി മത്സരങ്ങളിൽ മാത്രമാണെന്നതും വൻഡിമാൻഡിന് കാരണമാക്കുന്നു. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരടിക്കറ്റുകളും കളിക്ക് മാസങ്ങൾക്ക് മുൻപ് തന്നെ വിറ്റുതീർന്നിരുന്നു. ജൂൺ രണ്ടിന് ആരംഭിക്കുന്ന ഈവർഷത്തെ ട്വന്റി 20 ലോകകപ്പിൽ 20 ടീമുകളാണ് പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *