NationalNews

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ സീറ്റ്! വിമര്‍ശനവും പരാതിയും

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ പരാതി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കെ.പി.സി.സി വക്താവ് അനില്‍ ബോസാണ് പരാതി നല്‍കിയത്. പ്രോട്ടോക്കോള്‍ അനുസരിച്ചു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയിലാണ്.

രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിനും പരാതിക്കും ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയത്.

അവസാന നിരയില് നിന്ന് രണ്ടാമതായാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നത്. മനു ഭക്കര്‍, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായിരുന്നു മുന്‍ നിരയില്‍. ഹോക്കി ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, മലയാളി താരം പി.ആര്‍ ശ്രീജേഷ് എന്നിവര്‍ക്കും രാഹുല്‍ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.

LoP Rahul gandhi at red fort I-Day event

മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു. കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനുണ്ടെങ്കിലും പിന്‍ നിരയിലാണ് സീറ്റ് അനുവദിച്ചത്.

അടല്‍ ബിഹാരി വാജ്പേയിയുടെ കീഴിലുള്ള എന്‍.ഡി.എ ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തി.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍ നിരയിലെ സീറ്റുകള്‍ അനുവദിച്ചതിനാലാണ് രാഹുല്‍ ഗാന്ധിയെ പിന്നോട്ട് മാറ്റേണ്ടി വന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിടം തയ്യാറാക്കുന്നതുമൊക്കെ പ്രതിരോധ മന്ത്രാലയമാണ്.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം ലോക്‌സഭയില് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. 99 സീറ്റുകളാണ് ലഭിച്ചതെങ്കിലും സ്വതന്ത്രരായി മത്സരിച്ച ചില അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെയാണ് 100 കടന്നത്. 2014, 2019 പൊതു തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 44, 52 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല.

പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അനില്‍ ബോസ് നല്‍കിയ പരാതിയില്‍ പറയുന്നു.

One Comment

  1. അധികാരത്തിമിരം ബാധിച്ച BJP നേതൃത്വത്തിന് ഇനിയും സാമാന്യ ബുദ്ധി ഉദിച്ചിട്ടില്ല!പപ്പുവായാലും അമുൽ ബേബി ആയാലും പ്രോട്ടോകോൾ പ്രകാരം അയാൾ ക്യാബിനറ്റ് റാങ്കിലുള്ള പ്രതിപക്ഷ നേതാവാണ്. പ്രധാന മന്ത്രിക്കും പ്രതിരോധമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒപ്പം ഇരിക്കാൻ അർഹതയുള്ളവൻ. ജനാധിപത്യത്തിൽ സാമാന്യ മര്യാദയുള്ളവർക്കേ സ്ഥലകാല ബോധം ഉദിക്കുകയുള്ളൂ!

Leave a Reply

Your email address will not be published. Required fields are marked *