Kerala Government News

സർക്കാർ അതിഥി മന്ദിരങ്ങളുടെ വാടക കൂട്ടി ; നവീകരണ ശേഷമുള്ള നടപടിയെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള സർക്കാർ അതിഥി മന്ദിരങ്ങളുടെ വാടക കൂട്ടി. 2013 നുശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രി നിവാസുകളുടെയും കോണ്‍ഫറന്‍സ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് നടപടി.

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ഡയറക്ടര്‍ നൽകി ശുപാര്‍ശ പ്രത്യേക സമിതി പരിഗണിച്ച ശേഷമാണ് നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. നിലവിലുള്ളതിന്‍റെ വാടക തുകയുടെ ഇരട്ടിയാണ് എസി മുറികൾക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന പുതിയ തുക എന്നാണ് റിപ്പോർട്ട്. ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗസുകളിലെ നിരക്ക് വര്‍ധനവിലും വ്യത്യാസമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ടൂറിസം വകുപ്പിറക്കി.

നവീകരണത്തിനു ശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നും ടൂറിസം വകുപ്പിന്‍റെ വിശദീകരണമുണ്ട്. നിരക്ക് വര്‍ധനവോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും യാത്രി നിവാസുകളിലും മുറിയെടുക്കാൻ ഇനി തുക കൂടുതൽ ചിലവഴിക്കേണ്ടിവരും. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്.

ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ 800 രൂപ മുതൽ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ എസി സിംഗിള്‍ മുറിയുടെ നിരക്ക് 700 രൂപയിൽ നിന്ന് 1200 രൂപയായും എസി ഡബിള്‍ റൂമിന്‍റെ നിരക്ക് 1000 രൂപയിൽ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയിൽ നിന്ന് 3300 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *