International

ട്രംപിന്റെ മുന്നറിയിപ്പ്; നെതന്യാഹുവിന് മുട്ടിടിക്കുമോ?!

യുഎസ് തിരഞ്ഞെടുപ്പ് അടുത്തതോടെ ഇസ്രയേൽ ഹമാസ് യുദ്ധം കൂടുതൽ ശക്തമാകുകയാണ്. താൻ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കും മുമ്പ് യുദ്ധം അവസാനിപ്പിക്കണം എന്ന് നെതന്യാഹുവിനോടുള്ള ട്രംപിന്റെ ആവശ്യമാണ് യുദ്ധം നിർണായക ഘട്ടത്തിലേക്ക് എന്ന് പറയാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റായി താൻ സ്ഥാനമേൽക്കും മുമ്പ് തന്നെ യുദ്ധമവസാനിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നത്. ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇ​സ്രായേൽ ഈ വാർത്ത പുറത്ത് വിട്ടതെന്നാണ് വിവരം.

എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കണമെന്ന് ആ​ഗ്രഹത്തോടെ നെതന്യാഹുവുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചകൾ നടത്തുന്നതായി പലയിടങ്ങളിലും ചർച്ചയായിരുന്നു.

ഗസ്സ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നിരന്തരം നെതന്യാഹുവിനെ വിളിക്കുന്നതിലെ ആശങ്ക രണ്ട് മുതിർന്ന ഇ​സ്രായേൽ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലുമായി പങ്കുവെച്ചിരുന്നു. നവംബറിലെ തെ​രഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും പ്രസിഡന്റാവുകയും ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ യു.എസുമായുള്ള ഇസ്രായേലിന്റെ നല്ല ബന്ധം തകർക്കാൻ അത് കാരണമാകുമോ എന്നതാണ് ആശങ്ക. ​പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര രാഷ്ട്രീയം തടസ്സമാണെന്നും ഉദ്യോഗസ്ഥരിലൊരാൾ ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണിപ്പോൾ ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നൽകിയതായി എന്ന വിവരം കൂടെ പുറത്ത് വന്നിരിക്കുന്നത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങൾ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന നിഗമനത്തിൽ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാൻ ഖമേനി നിർദ്ദേശം നൽകിയിരിക്കുന്നത്. ഒപ്പം ട്രംപിന്റെ ആവശ്യം നെതന്യാഹു അം​ഗീകരിക്കുകയാണേങ്കിൽ ഏത് സമയം വേണമെങ്കിലും ഒരാക്രമണം പ്രതീക്ഷിക്കാം എന്ന അവസ്ഥയാണ് ഇസ്രയേൽഹമാസ് യുദ്ധഭൂമിയിലുള്ളത്.

അതോടൊപ്പം തന്നെ ടെഹ്‌റാനിലെ മിസൈൽ നിർമ്മാണ പ്ലാൻ്റുകളിലും പ്രതിരോധ സംവിധാനങ്ങളിലുമുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഇറാനിയൻ സൈനിക ഉദ്യോ​ഗസ്ഥർ ഖമേനിയോട് വിശദീകരിച്ചിരുന്നു. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുള്ള ഖമേനി തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, ഒക്ടോബർ 5ന് മുമ്പ് ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്നും സൂചനയുണ്ട്. നിർണായകമായ അമേരിക്കൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആക്രമണം ആസൂത്രണം ചെയ്യാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, ചില നിബന്ധനകൾ അം​ഗീകരിക്കാൻ ഇസ്രായേൽ തയ്യാറായാൽ വെടിനിർത്തലിന് തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിം വ്യക്തമാക്കിയതായും വിവരമുണ്ട്. ഇസ്രയേലിൻ്റെ സുരക്ഷാ കാബിനറ്റ് യോഗം ചേർന്ന് സാധ്യമായ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനിടെയാണ് നയിം ഖാസിമിൻ്റെ പ്രസ്താവന പുറത്തുവന്നത്. എന്നാൽ, കിഴക്കൻ ലെബനൻ നഗരമായ ബാൽബെക്കിനെ ഇസ്രായേൽ ആക്രമിക്കുകയും മറ്റൊരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി അറിയിക്കുകയും ചെയ്തു.

അതേസമയം വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേരിലധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഇന്ന് വന്ന റിപ്പോർട്ട്. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണ്. ഇതിനിടെ, മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

എന്തായാലും യുഎസുമായുള്ള ബന്ധത്തിന് കോട്ടം സംഭവിക്കാതിരിക്കാൻ വേണ്ടി ട്രംപിന്റെ ആവശ്യം ബെഞ്ചമിൻ നെതന്യാഹു അം​ഗീകരിക്കുമോ എന്ന് അറിയാൻ ഇനി ചുരുങ്ങിയ ദിവസങ്ങളാണ് ബാക്കി. യുഎസ് തിരഞ്ഞെടുപ്പ് നവംബർ അഞ്ചിനാണ് യുഎസ് തിരഞ്ഞെടുപ്പ്. നെതന്യാഹുവിന്റെ തീരുമാനം എന്തെന്നത് അതിനുള്ളിൽ അറിയാം എന്നുള്ളതാണ്. അതായത് ഒരു വർഷത്തോളമായി നീണ്ടു നിന്നുൽക്കുന്ന ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിക്കുമോ ഇല്ലയോ എന്നറിയാൻ ഇനി വിരലിലെണ്ണാകുന്ന ദിവസങ്ങൾ മാത്രം ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *