
ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്
തമിഴ്നാട്ടിലെ സേലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ (58) അന്തരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ, ട്രാക്ക് തെറ്റിച്ചെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി. ചാക്കോയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ വലത് കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം. അമ്മ, സഹോദരൻ, കാർ ഓടിച്ചിരുന്ന സഹായി എന്നിവർക്കും പരിക്കുകളുണ്ട്. ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൈനിന്റെ ചികിത്സാ ആവശ്യങ്ങൾക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവർ എറണാകുളത്തുനിന്ന് യാത്ര തുടർന്നത്. ഡ്രൈവർക്കൊപ്പം ഷൈനിന്റെ സഹോദരൻ മുൻസീറ്റിലും, മാതാപിതാക്കൾ മധ്യനിരയിലും, ഷൈൻ പിൻസീറ്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടം നടക്കുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്ന് ഷൈൻ പറഞ്ഞു.