FootballSports

കിരീടം നേടുമെന്ന് ഉറപ്പ്; വിമർശകർക്ക് മറുപടിയുമായി റൊണാൾഡോ

'സൗദി ലീഗ് ലോകത്തിലെ മികച്ച അഞ്ചിലൊന്ന്'

റിയാദ്: സൗദി ക്ലബ്ബ് അൽ നസറുമായി രണ്ട് വർഷത്തേക്ക് കൂടി റെക്കോർഡ് തുകയ്ക്ക് കരാർ പുതുക്കിയതിന് പിന്നാലെ, തന്റെ ലക്ഷ്യങ്ങളും വിവാദമായ അഭിപ്രായപ്രകടനവും ആവർത്തിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് ഇപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണെന്നും, വരും വർഷങ്ങളിൽ അൽ നസറിനൊപ്പം താൻ കിരീടം നേടുമെന്ന് ഉറപ്പുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

വിമർശകർക്ക് മറുപടി

സൗദി ലീഗിന്റെ നിലവാരത്തെക്കുറിച്ച് വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിലാണ് റൊണാൾഡോ മറുപടി നൽകിയത്. “സൗദിയിൽ കളിക്കാത്തവർക്ക് ഫുട്ബോളിനെക്കുറിച്ച് ഒന്നും അറിയില്ല, അവരാണ് ലീഗിനെ വിമർശിക്കുന്നത്. എന്റെ വാക്കുകളിൽ എനിക്ക് 100% വിശ്വാസമുണ്ട്. ഈ ലീഗ് ലോകത്തിലെ മികച്ച അഞ്ചിൽ ഒന്നാണ്, അത് ഇനിയും മെച്ചപ്പെടും,” അൽ നസറിന്റെ ഔദ്യോഗിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.

ഫ്രഞ്ച് ലീഗ് 1, എംഎൽഎസ് എന്നിവയെക്കാൾ മികച്ചതാണ് സൗദി ലീഗ് എന്ന് റൊണാൾഡോ മുൻപും പറഞ്ഞിട്ടുണ്ട്.

ലക്ഷ്യം, കിരീടം മാത്രം

അൽ നസറിനൊപ്പം പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാത്ത റൊണാൾഡോ, പുതിയ കരാറോടെ ആ ലക്ഷ്യം നേടുമെന്ന് ഉറപ്പിച്ചു പറയുന്നു. “അൽ നസറിനു വേണ്ടി ഒരു പ്രധാന കിരീടം നേടുക എന്നതാണ് എന്റെ ലക്ഷ്യം. അതിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. സൗദി അറേബ്യയിൽ ഞാനൊരു ചാമ്പ്യനാകുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഞാൻ രണ്ട് വർഷം കൂടി കരാർ പുതുക്കിയത്,” 40-കാരനായ താരം വ്യക്തമാക്കി.

പുതിയ കരാർ പ്രകാരം, 42-ാം വയസ്സ് വരെ റൊണാൾഡോ അൽ നസറിൽ തുടരും. കരിയറിൽ 1000 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാനും അദ്ദേഹം ലക്ഷ്യമിടുന്നു. അൽ നസറിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയ താരം, സൗദിയിൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുണ്ട്.