KeralaSports

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികളേ മൈതാനത്തേക്കിറക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

കൊച്ചി: അഡ്രിയാൻ ലൂണയുടെ കൈപിടിച്ച്‌ ആതിഫ് അസ്ലം മൈതാനത്തേക്ക് വരുമ്പോള്‍ നോഹ സദൗയിയുടെ കൈപിടിച്ച്‌ ഫാത്തിമ ഷഫ്നയുണ്ടാകാം. കെ.പി. രാഹുലിൻ്റെയും സച്ചിൻ സുരേഷിൻ്റെയുമൊക്കെ കൈപിടിച്ച്‌ ദക്ഷ്വദ് കൃഷ്ണയും കെ.വി. ദേവികയുമൊക്കെ മൈതാനത്തേക്ക് വരുമ്പോള്‍ എത്ര കൈയടി നല്‍കിയാലും അധികമാകില്ല. കാരണം സങ്കടങ്ങളുടെ വലിയ ആഴങ്ങളിലേക്ക് പതിച്ചുപോയ കുറേ കുഞ്ഞുങ്ങളെയാണ് ആശ്വാസത്തിൻ്റെ കരുതലിലേക്ക് ഈ കിക്കോഫിലൂടെ ചേർത്തുവയ്ക്കുന്നത്.

ഐ.എസ്.എല്‍. ഫുട്ബോളിൻ്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഹോം മത്സരത്തില്‍ ആതിഥേയ ടീമിൻ്റെയും അതിഥി ടീമായ പഞ്ചാബ് എഫ്.സി.യുടെയും താരങ്ങളുടെ കൈപിടിച്ച്‌ അവരെ മൈതാനത്തേക്ക് ആനയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും സ്കൂളിലെ കുട്ടികളാണ്.

സങ്കടങ്ങളില്‍നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ.എസ്.എല്‍. ഫുട്ബോളിലേക്ക് ഇവരെ ചേർത്തുവയ്ക്കുന്നതെന്ന് സംഘാടകരായ എം.ഇ.എസ്. പറയുന്നു. എല്ലാ വർഷവും ഓണാഘോഷം നടത്താറുള്ള എം.ഇ.എസ്. ഇത്തവണ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ മാറി ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് ഓണാഘോഷത്തിൻ്റെ സന്തോഷമായി ഈ കുഞ്ഞുങ്ങളെ ഫുട്ബോളിലേക്ക് കൊണ്ടുവന്നാലോ എന്നൊരു ചിന്ത വന്നത്.

വയനാട്ടിലെ വെള്ളാർമല ജി.വി.എച്ച്‌.എസ്.എസ്., മുണ്ടക്കൈ എല്‍.പി. സ്കൂള്‍, മേപ്പാടി ഡബ്ല്യു.എം.ഒ. സ്കൂള്‍ എന്നിവിടങ്ങളിലെ 24 കുട്ടികളാണ് ഞായറാഴ്ചത്തെ മത്സരത്തിനായി കൊച്ചിയിലെത്തുന്നത്. ഇതില്‍ 22 പേർ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങളുടെ ലൈനപ്പില്‍ മൈതാനത്തെത്തും. ശനിയാഴ്ച രാവിലെ വയനാട്ടില്‍നിന്ന് പുറപ്പെടുന്ന കുട്ടികള്‍ കോഴിക്കോട് എത്തി ഷോപ്പിങ്ങും നടത്തിയാകും ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെത്തുക. ഷൂസും ജേഴ്സിയും ഉള്‍പ്പെടെയുള്ളവ കോഴിക്കോട്ടുനിന്ന് വാങ്ങും. കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സംഘം ബസിലാണ് വരുന്നത്.

ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തില്‍ ഇവരുടെ ലൈനപ്പ് പരിശീലനമുണ്ടാകുമെന്ന് എം.ഇ.എസ്. യൂത്ത് വിങ് ജില്ലാ പ്രസിഡൻ്റ് ഡോ. അൻവർ ഹുസൈൻ പറഞ്ഞു. സങ്കടങ്ങളില്‍നിന്ന് ചെറിയൊരു മോചനത്തിനെങ്കിലും ഈ യാത്ര ആ കുട്ടികള്‍ക്ക് ഉപകരിച്ചാല്‍ അതിനെക്കാള്‍ വലിയൊരു ഓണാനുഭവമുണ്ടോയെന്നും സംഘാടകരായ എം.ഇ.എസ്. ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *