CricketSports

ഐസിസി റാങ്കിംഗിൽ വൻ കുതിപ്പുമായി സ്മൃതി മന്ഥാന; ഒന്നാം നമ്പർ സ്ഥാനത്തേക്ക് തൊട്ടരികെ

ദുബായ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓപ്പണർ സ്മൃതി മന്ഥാനയ്ക്ക് ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ കരിയറിലെ മികച്ച നേട്ടം. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നേടിയ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെയാണ് മന്ഥാന ഒരു സ്ഥാനം മെച്ചപ്പെടുത്തി റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇതോടെ, ടി20യിലെ ഒന്നാം നമ്പർ ബാറ്റർ എന്ന നേട്ടത്തിന് തൊട്ടരികെയെത്തിയിരിക്കുകയാണ് താരം.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 112 റൺസ് നേടിയ മന്ഥാനയുടെ പ്രകടനം, താരത്തിന്റെ റേറ്റിംഗ് പോയിന്റ് 771 എന്ന കരിയറിലെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയുമായി വെറും 23 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് മന്ഥാനയ്ക്കുള്ളത്. ഏകദിന റാങ്കിംഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് സ്മൃതി മന്ഥാന.

ഇന്ത്യയുടെ മറ്റ് താരങ്ങൾക്കും റാങ്കിംഗിൽ മുന്നേറ്റമുണ്ട്. ഓപ്പണർ ഷെഫാലി വർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. 43 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച ഹർലീൻ ഡിയോൾ 86-ാം സ്ഥാനത്തോടെ റാങ്കിംഗിൽ തിരികെയെത്തി.

ബൗളർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ പേസർ ലോറൻ ബെൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. പാകിസ്താൻ സ്പിന്നർ സാദിയ ഇഖ്ബാലാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷമുള്ള മാറ്റങ്ങളും പുതിയ റാങ്കിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ യുവതാരം മിയാൻ സ്മിത്ത്, മുൻ നായിക സുനെ ലൂസ് എന്നിവരും റാങ്കിംഗിൽ മുന്നേറ്റം നടത്തി.