News

30500 രൂപയുടെ കണ്ണട മുതൽ കീം വരെ; മന്ത്രി ബിന്ദുവിന്റെ ഭരണ പരിഷ്കാരങ്ങൾ വിവാദത്തിൽ

സർവ്വകലാശാലകളെ വഴിയാധാരമാക്കിയ ബിന്ദുവിന്റെ ഭരണ വിലാസത്തിന് അവസാനം ഇരയായത് എഞ്ചിനിയറിംഗ് എൻട്രൻസ് എഴുതിയ വിദ്യാർത്ഥികളാണ്. കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച ‘കീം ‘ (KEAM – Kerala Engineering, Architechure & Medical) റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കാതെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കയാണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ സ്വീകരിച്ച തീരുമാനം ദുരുപദിഷ്ടവും ( malafide ) നിയമവിരുദ്ധവും ( illegal) നീതികരിക്കാനാവത്തതും (unjustified) ഏകപക്ഷീയവും (arbitary ) ആണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ന്യായത്തില്‍ എടുത്തുപറഞ്ഞത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ വിധി പ്രസ്താവത്തിലെ അഞ്ചാം ഖണ്ഡികയിലാണ് കടുത്ത വാക്കുകളടങ്ങിയ വിമര്‍ശനം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നീതീകരിക്കാനാവാത്ത വിധം ഏകപക്ഷീയമായും നിയമവിരുദ്ധമായും ദുരുദ്ദേശത്തോടും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും മന്ത്രി ആര്‍ ബിന്ദു മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനുണ്ടായ ഗുരുതരമായ പിഴവിന് വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ മന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്.

ഈ വർഷം മാർച്ചിൽമന്ത്രി ആർ.ബിന്ദുവിന് നേരിട്ട് നൽകിയ സ്ഥലംമാറ്റ നിവേദനം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയിരുന്നു. തൃശൂർ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലംമാറ്റം ലഭിക്കാൻ അദ്ദേഹത്തിന്‌റെ ഭാര്യ മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്.എന്നാൽ മന്ത്രി പങ്കെടുത്ത പരിപാടിയുടെ മാലിന്യങ്ങൾ തൃശൂർ ചേർപ്പിൽ വഴിയോരത്ത് തള്ളിയ നിലയിലായിരുന്നു. ഇതിൽനിന്നാണ് സ്ഥലംമാറ്റ അപേക്ഷ കണ്ടെത്തിയത്.

ഇംഗ്ലീഷ് അധ്യാപിക കൂടിയായ ബിന്ദുവിൻ്റെ ” wherever I go I take house in my head ” എന്ന ഇംഗ്ലീഷ് ഡയലോഗ് ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയമായി. കണ്ണടയായിരുന്നു അടുത്ത വിവാദം. 30, 500 രൂപയാണ് ബിന്ദു കണ്ണട വാങ്ങാൻ ഖജനാവിൽ നിന്ന് എഴുതി വാങ്ങിച്ചത്. ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ് & ഫ്രെയിംസില്‍ നിന്നാണ് ബിന്ദു കണ്ണട വാങ്ങിയത്. അന്ന് തന്നെ കണ്ണട വാങ്ങിയതിന് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സ്വന്തം കാര്യത്തിന് കാണിക്കുന്ന ശുഷ്കാന്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിന്ദുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.