CricketSports

ഗിൽ തിരിച്ചെത്തുന്നു; ആര് വഴി മാറിക്കൊടുക്കും?

ഏത് സമയത്തും ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മധ്യനിര ബാറ്റ്‌സ്മാൻ വഴിമാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ തുടങ്ങിയവരാണ് ആ പ്രത്യേകതയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ കെ എൽ രാഹുലിലേക്കും സർഫ്രാസ് ഖാനിലേക്കുമാണ് സെലക്ഷൻ ടീം വിരൽ ചൂണ്ടുന്നത്.

ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയും തോൽവിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്ര കടുപ്പമേറിയതാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ബാറ്റിങ് നിരയിൽ ടീം മാനേജ്മെന്റ് ചില മാറ്റങ്ങൾക്ക് തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുവതാരം ശുഭ്‌മാൻ ഗില്ലിന്റെ തിരിച്ചുവരവിന് പൂനെ ടെസ്റ്റ് സാക്ഷ്യം വഹിച്ചേക്കും. ബാറ്റിങ് ലൈനപ്പിൽ മൂന്നാം നമ്പർ സ്ഥാനത്തേക്ക് ഗിൽ എത്തിയാൽ ആര് പുറത്തിരിക്കേണ്ടി വരുമെന്നാണ് ആകാംക്ഷ.

സർഫറാസ് ഖാന് എന്ത് സംഭവിക്കുന്നു?

ശുഭ്മാൻ ഗിൽ മടങ്ങിയെത്തുകയും കെ എൽ രാഹുൽ തൻ്റെ സ്ഥാനം നിലനിർത്തുകയും ചെയ്താൽ, ഒരു പരിഗണനയും കൂടാതെ, ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ സർഫറാസ് ഖാന് പുറത്തുപോകേണ്ടി വരും. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ശ്രദ്ധേയമായ അരങ്ങേറ്റത്തിന് ശേഷം, സർഫറാസ് പിന്നീട് തിളങ്ങിയിട്ടില്ല.

ഗില്ലിനു വഴിമാറിക്കൊടുക്കാൻ സാധ്യതയുള്ള രണ്ട് താരങ്ങളാണ് ടീമിലുള്ളത്. കെ എൽ രാഹുലും സർഫറാസ് ഖാനും. ബെംഗളൂരു ടെസ്റ്റിൽ നേടിയ 150 റൺസ് സർഫറാസിനെ തുണയ്ക്കും. താരത്തിന്റെ പോരാട്ടമായിരുന്നു ഇന്നിങ്സ് തോൽവിയിൽനിന്ന് ഇന്ത്യയെ രക്ഷിക്കാൻ സഹായിച്ചത്. കൂടാതെ, സ്പിന്നർമാർക്കെതിരെ സർഫറാസിന്റെ മികവും മാനേജ്മെന്റിന് തള്ളിക്കളയാനാകില്ല. സർഫറാസിനെ ഒഴിവാക്കാൻ മാനേജ്മെന്റ് തയാറാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതോടെ തിരഞ്ഞെടുപ്പ് ഗിൽ, രാഹുൽ എന്നീ പേരുകളിലേക്ക് ചുരുങ്ങും.

ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ട ഏക ബാറ്റർ രാഹുലാണ്. കഴിഞ്ഞ പത്ത് ഇന്നിങ്സുകളിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടാൻ രാഹുലിനായിട്ടുണ്ട്. ഇതിൽ, സെഞ്ചുറി ദക്ഷിണാഫ്രിക്കൻ മണ്ണിലായിരുന്നു. വിദേശ വിക്കറ്റുകളിൽ രാഹുൽ മികവ് പുലർത്തിയിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ രാഹുലിന്റെ എട്ട് സെഞ്ചുറികളിൽ അഞ്ചും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ ഈ രാജ്യങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *