NewsPolitics

ട്രാക്ക് വിടാത്ത പാർട്ടിക്കൂറ്; ആരാണ് ബിജെപിയുടെ വിശ്വസ്തനായ ഉപരാഷ്ട്രപതി സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ?

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാർഥിത്വത്തിലൂടെ ബിജെപി നേതൃത്വം അംഗീകാരം നൽകുന്നത് സി.പി. രാധാകൃഷ്ണൻ എന്ന നേതാവിന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ സ്ഥിരോത്സാഹത്തിനും പാർട്ടിക്കൂറിനുമാണ്. പതിനാറാം വയസ്സിൽ സംഘപരിവാർ പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം, ഒരിക്കൽ പോലും രാഷ്ട്രീയ ട്രാക്ക് മാറ്റി ഓടിയിട്ടില്ല. മുൻഗാമി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി നൽകിയ ആഘാതത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട ബിജെപിക്ക്, പൂർണ്ണവിശ്വാസത്തോടെ ബാറ്റൺ കൈമാറാൻ കഴിയുന്ന നേതാവാണ് സി.പി. രാധാകൃഷ്ണൻ.

ആർഎസ്എസ്സിലൂടെ രാഷ്ട്രീയത്തിലേക്ക്

1957-ൽ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ, ആർഎസ്എസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം വസ്ത്രവ്യാപാര രംഗത്ത് സജീവമായപ്പോഴും സംഘടനാ പ്രവർത്തനം കൈവിട്ടില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം, ബിജെപിയുടെ രൂപീകരണം മുതൽ പാർട്ടിയുടെ വിശ്വസ്തനായ പ്രവർത്തകനാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയവും സംഘാടന മികവും

1998-ലെ കോയമ്പത്തൂർ സ്ഫോടനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ചാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1999-ലും വിജയം ആവർത്തിച്ചു. 2004-ൽ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായ ശേഷം അദ്ദേഹം നടത്തിയ 19,000 കിലോമീറ്റർ നീണ്ട രഥയാത്ര, അദ്ദേഹത്തിന്റെ സംഘാടന മികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവായി മാറി.

കേരള ബന്ധം

2016-ൽ കയർ ബോർഡ് ചെയർമാനായി കൊച്ചിയിലെത്തിയതോടെയാണ് സി.പി. രാധാകൃഷ്ണന് കേരളവുമായി അടുത്ത ബന്ധം വരുന്നത്. അദ്ദേഹത്തിന്റെ കാലത്ത് കയർ കയറ്റുമതി സർവകാല റെക്കോർഡിലെത്തി. 2020 മുതൽ 2022 വരെ കേരളത്തിന്റെ ചുമതലയുള്ള പാർട്ടി പ്രഭാരിയായും അദ്ദേഹം പ്രവർത്തിച്ചു.

ഗവർണർ പദവിയിൽ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്

2023-ൽ ജാർഖണ്ഡ് ഗവർണറായി ചുമതലയേറ്റ അദ്ദേഹം, ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനകീയനായി. പിന്നീട് മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു. ലളിതമായ ജീവിതശൈലിയും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഭാര്യ: സുമതി. മക്കൾ: ഹരി ഷഷ്ഠി, അഭിരാമി.