
പെട്രോൾ – ഡീസൽ സെസ് പാളി! പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധമാക്കി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പെട്രോൾ-ഡീസൽ ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഡീസൽ പെട്രോൾ കള്ളക്കടത്ത് പെരുകുകയും സ്വാഭാവികമായി ലഭിക്കേണ്ട നികുതിയിൽ പോലും വൻകുറവ് സംഭവിക്കുകയും ചെയ്തതോടെയാണ് പുതിയ പെർമിറ്റ് നിയമം സർക്കാർ നടപ്പിലാക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല്/ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമീഷണർ, ടാക്സ്പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്‌സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.
ഒരു പെർമിറ്റ് പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി മൂന്ന് ദിവസം ആയിരിക്കും.
സംസ്ഥാനത്ത് അശാസ്ത്രീയമായി പെട്രോളിയം ഉത്പന്നങ്ങൾക്ക് 2023-24 മുതൽ ലിറ്ററിന് 2 രൂപ അധിക സെസ്സ് ഏർപ്പെടുത്തിയിരുന്നു. ക്ഷേമ പെൻഷൻ മുടക്കം കൂടാതെ കൊടുക്കുവാൻ ഒരു സീഡ് ഫണ്ടായി വെക്കുമെന്നായിരുന്നു മന്ത്രിയുടെ വാദം ഒടുവിൽ ക്ഷേമ പെൻഷനും മുടങ്ങി പെട്രോളിയം ഉൽപന്നങ്ങളിലൂടെ ലഭിക്കേണ്ട സ്വാഭാവിക നികുതിയിലും ഇടിവുവന്നു.
ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപനക്കാക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല.
കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളിൽ പെട്രോളിയം ഉൽപനങ്ങളുടെ വിലയിൽ 10 രൂപയുടെ വരെ വ്യത്യാസം ഉണ്ട്. ചരക്ക് ലോറികളും ടൂറിസ്റ്റ് ബസുകൾ, ടാക്‌സികൾ എന്തിന് കെ.എസ്.ആർ.ടി.സി പോലും അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം നിറക്കുന്നത് മലബാർ മേഖലയിലെ സ്വകാര്യ വാഹനങ്ങൾ മാഹിയിൽ പോയി ഇന്ധനം നിറക്കും. ഇന്ധന വിലയിലെ ഈ അന്തരം മുതലെടുത്ത് മത്സ്യ ബന്ധന യാനങ്ങളിൽ നിറക്കാനും, മറ്റ് വ്യവസായിക ആവശ്യങ്ങൾക്കും നിർമ്മാണ മേഖലയും അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ പെട്രോളിയം ്് ഉദ്പന്നങ്ങൾ കേരളത്തിലേക്ക് കള്ള കടത്ത് നടത്തുന്നത് വ്യാപകമായി നാമമാത്രമായി ജി.എസ്.ടി വകുപ്പ് ചില കേസുകൾ പിടിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഇഴഞ്ഞു.