Legal NewsNews

ടി.പി. കേസ് പ്രതിക്ക് കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുക്കാൻ പരോള്‍ വേണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതിക്ക് കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്. സിജിത്ത് എന്ന അണ്ണൻ സിജിത്തിന്റെ അപേക്ഷയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്.

ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിജിത്തിന്റെ ഭാര്യ അഞ്ജു സി.എസ്. ആണ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 23-നും 26-നുമായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്.

എന്നാൽ, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർക്ക് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പരോൾ അനുവദിക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുൻപ്, കുഞ്ഞ് ജനിച്ചപ്പോൾ സിജിത്തിന് 10 ദിവസത്തെ പരോൾ അനുവദിച്ച കാര്യം കോടതി ഓർമ്മിപ്പിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക്, കുട്ടി ജനിച്ചതിന് ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും തുടർച്ചയായി പരോൾ നൽകാൻ കഴിയില്ലെന്നും, ഇത് നിയമപ്രകാരം സാധ്യമല്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.

2012 മെയ് 4-നാണ് സി.പി.എം. വിട്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) രൂപീകരിച്ച ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടത്.