
ആകാശത്തെ ഇതിഹാസം വിടവാങ്ങുന്നു; മിഗ്-21 വിമാനങ്ങൾക്ക് വിട നൽകി വ്യോമസേന
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന് തിരശ്ശീല വീഴുന്നു. 62 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം, മിഗ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്തോട് വിടപറയുന്നു. 1965-ലെ യുദ്ധം മുതൽ ‘ഓപ്പറേഷൻ സിന്ദൂർ’ വരെ, ഇന്ത്യയുടെ എല്ലാ പ്രധാന സൈനിക നടപടികളിലും നിർണായക പങ്ക് വഹിച്ച ഈ പോരാളിക്ക്, സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങോടെ വ്യോമസേന വിട നൽകും.
സെപ്റ്റംബർ 19-ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ വെച്ചാണ് അവസാന മിഗ്-21 സ്ക്വാഡ്രണായ ‘പാന്തേഴ്സ്’ (23 സ്ക്വാഡ്രൺ) ന് ഔദ്യോഗികമായി വിട നൽകുന്നത്.

സുവർണ്ണ ഓർമ്മകളും ‘പറക്കും ശവപ്പെട്ടി’യും
സമ്മിശ്രമായ ഓർമ്മകൾ ബാക്കിയാക്കിയാണ് മിഗ്-21 വിടവാങ്ങുന്നത്. 1960-70 കാലഘട്ടത്തിൽ, ഇന്ത്യക്ക് പാകിസ്താനെതിരെ ആകാശത്ത് മുൻതൂക്കം നൽകിയ ആദ്യത്തെ സൂപ്പർസോണിക് വിമാനമായിരുന്നു മിഗ്-21. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലും, 1999-ലെ കാർഗിൽ യുദ്ധത്തിലും, 2019-ലെ ബാലാക്കോട്ട് ആക്രമണത്തിലുമെല്ലാം മിഗ്-21 ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായിരുന്നു.
എന്നാൽ, പിൽക്കാലത്ത് തുടർച്ചയായുണ്ടായ അപകടങ്ങൾ, ഈ വിമാനത്തിന് ‘പറക്കും ശവപ്പെട്ടി’ (Flying Coffin) എന്ന ദുഷ്പേര് നേടിക്കൊടുത്തു.
വ്യോമസേനയുടെ അംഗബലം കുറയും
മിഗ്-21 വിരമിക്കുന്നതോടെ, ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന സ്ക്വാഡ്രണുകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 29-ൽ എത്തും. 1965-ലെ യുദ്ധസമയത്ത് പോലും വ്യോമസേനയ്ക്ക് 32 ഫൈറ്റർ സ്ക്വാഡ്രണുകൾ ഉണ്ടായിരുന്നു.

“ഇന്ത്യൻ വ്യോമസേനയുടെ 93 വർഷത്തെ ചരിത്രത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും മിഗ്-21-മായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യൻ ആകാശത്തെ ഒരു ഇതിഹാസത്തോടുള്ള വൈകാരികമായ വിടവാങ്ങലായിരിക്കും,” എന്ന് വ്യോമയാന വിദഗ്ധൻ അംഗദ് സിംഗ് പറഞ്ഞു.
850-ൽ അധികം മിഗ്-21 വിമാനങ്ങളാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുകയോ, എച്ച്എഎൽ വഴി ഇന്ത്യയിൽ നിർമ്മിക്കുകയോ ചെയ്തത്. തദ്ദേശീയമായി നിർമ്മിച്ച തേജസ് മാർക്ക് 1A പോലുള്ള ആധുനിക യുദ്ധവിമാനങ്ങളുടെ വരവ് വൈകിയതിനാലാണ്, കാലഹരണപ്പെട്ട മിഗ്-21 വിമാനങ്ങൾ ഇത്രയും കാലം സർവീസിൽ തുടർന്നത്.