
News
സെക്രട്ടേറിയറ്റിൽ പാമ്പിനെ പിടികൂടി; ജീവനക്കാർക്കിടയിൽ വീണ്ടും ഭീതി
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പ് ഓഫീസിൽ, ദർബാർ ഹാളിന് പിൻഭാഗത്തായാണ് പാമ്പിനെ കണ്ടത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഫയൽ റാക്കുകൾക്കിടയിൽ പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന്, ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പ് പിടിത്തക്കാരെ വിവരമറിയിച്ചു. അരമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ചേരയെയാണ് കണ്ടെത്തിയതെന്നാണ് വിവരം.
കുറച്ച് മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്തുനിന്ന് പാമ്പിനെ പിടികൂടിയിരുന്നു. തുടർച്ചയായി പാമ്പിനെ കണ്ടെത്തുന്നുണ്ടെങ്കിലും, ഫയലുകൾ കൂട്ടിയിട്ടിരിക്കുന്ന ഈ പ്രദേശം വൃത്തിയാക്കാനോ സുരക്ഷിതമാക്കാനോ നടപടികളുണ്ടാകുന്നില്ലെന്ന് ജീവനക്കാർക്കിടയിൽ പരാതിയുണ്ട്.