
ദളിത് യുവതിക്ക് മാനസിക പീഡനം: പേരൂർക്കട എസ്‌ഐക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പേരൂർക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) പ്രസാദിന് സസ്‌പെൻഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.
സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ എസ്.ഐക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് കമ്മീഷണർക്ക് കൈമാറിയിരുന്നു. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പനവൂർ ഇരുമരം സ്വദേശിനിയായ ബിന്ദുവാണ് പരാതിക്കാരി. ജോലിക്കുനിന്ന വീട്ടിൽനിന്ന് മാല മോഷണംപോയെന്ന പരാതിയിൽ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ബിന്ദുവിനെ 20 മണിക്കൂറോളമാണ് പോലീസ് കസ്റ്റഡിയിൽ വെച്ചതെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ സ്റ്റേഷനിൽ എത്തിച്ച ബിന്ദുവിനെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വിട്ടയച്ചത്.
പോലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ബിന്ദുവിനെ വിട്ടയക്കാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. രാത്രി വൈകി ബിന്ദുവിൻ്റെ വീട്ടിൽ പോലീസ് സംഘം എത്തി മാലയ്ക്കായി പരിശോധന നടത്തുകയും തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷനിൽവെച്ച് കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാൽ, ബിന്ദു ജോലിക്കുനിന്ന വീട്ടിൽനിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ മാല പിന്നീട് കണ്ടെത്തുകയായിരുന്നു. വീട്ടുടമസ്ഥ തന്നെ സ്റ്റേഷനിൽ എത്തി മാല കണ്ടെത്തിയ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ബിന്ദുവിനെ കുറ്റവിമുക്തയാക്കി വിട്ടയക്കാൻ തയ്യാറായത്. ഈ നടപടിക്രമങ്ങളിലെ വീഴ്ചയാണ് എസ്.ഐയുടെ സസ്‌പെൻഷനിലേക്ക് നയിച്ചത്.