News

കടലൂരിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റെയിൽവേയുടെ പ്രാഥമിക വിശദീകരണം. നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്. ആറ് കുട്ടികളുമായി പോയ സ്വകാര്യ സ്കൂൾ വാനാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ 7:45-നായിരുന്നു അപകടം. വില്ലുപുരം-മയിലാടുതുറൈ പാസഞ്ചർ ട്രെയിൻ വൈകുമെന്ന് കരുതി, അടച്ചിട്ട ഗേറ്റ് തുറക്കാൻ ഡ്രൈവർ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറുടെ നിർബന്ധത്തിന് വഴങ്ങി ഗേറ്റ് തുറന്നുകൊടുത്തപ്പോൾ, തൊട്ടടുത്ത വളവ് കാരണം ഡ്രൈവർക്ക് കാണാനാവാത്ത ദൂരത്തുനിന്നും ട്രെയിൻ പാഞ്ഞെത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂൾ വാൻ പൂർണ്ണമായും തകർന്നു. അപകടസമയത്ത് മറ്റ് വാഹനങ്ങളൊന്നും ഗേറ്റ് കടക്കാനായി ഉണ്ടായിരുന്നില്ല. നാട്ടുകാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിനിടെ പൊട്ടിക്കിടന്ന റെയിൽവേ ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾക്കും പരിക്കേറ്റു.

സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഡ്രൈവർ നിർബന്ധിച്ചാലും ഒരു കാരണവശാലും ഗേറ്റ് തുറക്കാൻ പാടില്ലായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും റെയിൽവേയും ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു.

  • റെയിൽവേ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, നിസ്സാര പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
  • തമിഴ്‌നാട് സർക്കാർ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും, നിസ്സാര പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ പുതുച്ചേരിയിലെ ആശുപത്രികളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.