News

കെ.എൻ. ബാലഗോപാൽ എതിർത്തു! മുഖ്യമന്ത്രിയെ കൊണ്ട് കാര്യം സാധിച്ച് പി. രാജീവ്

ധനവകുപ്പിൻ്റെ എതിർപ്പ് മറികടന്ന് കെ-ബിപ്പ് ചെയർമാന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം. 18 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് അനുമതി. മാർച്ച് 26 ലെ മന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്.

വാഹനം വാങ്ങാൻ ധനവകുപ്പിൻ്റെ അനുമതി വ്യവസായ വകുപ്പ് തേടിയിരുന്നു. പുതിയ വാഹനം വാങ്ങുന്നതിന് പകരം വാഹനം വാടകക്ക് എടുക്കാൻ ആയിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ നിർദ്ദേശം.

വാഹനം വാങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവ് വീണ്ടും ഫയൽ ധനമന്ത്രിക്ക് കൈമാറി. പുതിയ വാഹനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതിനാൽ അനുമതി നൽകാൻ സാധിക്കില്ലെന്നും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വാഹനം വാങ്ങാനുള്ള അനുമതി വ്യവസായ വകുപ്പ് തേടേണ്ടതാണെന്നും ബാലഗോപാൽ നിർദ്ദേശിച്ചു.

തുടർന്ന് രാജീവ് ഫയൽ കാബിനറ്റിൽ കൊണ്ട് വന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ പാസാക്കി എടുത്തു. മന്ത്രിസഭ യോഗത്തിൽ ബാലഗോപാൽ ഒന്നും മിണ്ടിയില്ല. ഇതോടെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന് ( കെ – ബിപ്പിന്) ഇന്നോവ ക്രിസ്റ്റ ലഭിച്ചു.