KeralaNews

പട്ടാമ്പിയിൽ നേർച്ചയ്ക്ക് കൊണ്ടുലന്ന ആന വിരണ്ടോടി; 2 പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു

പാലക്കാട്∙ പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആനയെ പിന്നീട് തളച്ചു.

ഓട്ടത്തിനിടെ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്. സമീപത്തെ വീടുകൾക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകർത്തു. വാളയാർ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു.

ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണു ചവിട്ടേറ്റതെന്നാണ് വിവരം. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം അമ്പാട് എന്ന സ്ഥലത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത്.

അതേസമയം, ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ ആക്രമിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനിടെയായിരുന്നു ഇത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയിരുന്നു. ഇവിടെനിന്ന് മടങ്ങുമ്പോഴാണ് ആന വീണ്ടും വിരണ്ടോടിയത്.

Leave a Reply

Your email address will not be published. Required fields are marked *