CricketIPLSports

അക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ക്യാപ്റ്റൻസി ലൈനപ്പ് ഔദ്യോഗികമായി പൂർത്തിയായി. ഡൽഹി ക്യാപിറ്റൽസ് അവരുടെ ക്യാപ്റ്റനായി ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. കെഎൽ രാഹുൽ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡൽഹി ലേലത്തിനു വിടാതെ നിലനിർത്തിയ അക്ഷറിനു നറുക്കു വീഴുകയായിരുന്നു. ഋഷഭ് പന്തിന്റെ പകരമാണ് അക്ഷർ നായക പദവിയിലെത്തുന്നത്.

രാഹുലിനെ നായകനാക്കാൻ ആലോചനകളുണ്ടായിരുന്നെങ്കിലും താരം ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുൽ സ്ഥാനം നിരസിച്ചതോടെയാണ് അക്ഷറിനെ ക്യാപ്റ്റനാക്കാൻ ഫ്രാഞ്ചൈസി തീരുമാനിച്ചത്.

തനിക്കു കിട്ടിയ അംഗീകാരമെന്നാണ് നായക പദവിയെ അക്ഷർ വിലയിരുത്തിയത്. ക്രിക്കറ്ററെന്ന നിലയിൽ വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാൻ താൻ ഒരുക്കമാണെന്നും അക്ഷർ വ്യക്തമാക്കി.

2019 മുതൽ ഡൽഹി ടീമിലെ അവിഭാജ്യ ഘടകമാണ് അക്ഷർ. 18 കോടിയ്ക്കാണ് താരത്തെ ഇത്തവണ ടീം നിലനിർത്തിയത്. 150 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 1653 റൺസും 123 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഈയടുത്തു നടന്ന ഇന്ത്യയുടെ ടി20 പരമ്പരയിൽ അക്ഷർ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാൽ നായകനയി ആദ്യമായാണ് താരം പരീക്ഷിക്കപ്പെടാൻ പോകുന്നത്. താരത്തിന്റെ നയിക്കാനുള്ള മികവ് ഇത്തവണ പരീക്ഷിക്കപ്പെടും.

രാഹുൽ നേരത്തെ പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകളെ നയിച്ചിട്ടുണ്ട്. ഇത്തവണ ഡൽഹി രാഹുലിനെ 14 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്. പന്തിനെ ലേലത്തിൽ വിട്ട് തിരിച്ചെടുക്കാമെന്ന ഡൽഹിയുടെ കണക്കു കൂട്ടൽ പാളിപ്പോയിരുന്നു. താരത്തെ ഐപിഎല്ലിലെ സർവകാല റെക്കോർഡ് തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിക്കുകയായിരുന്നു. ഈ മാസം 24നു ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ പോരാട്ടം.