
പോളിസിബസാറിന് 5 കോടി രൂപ പിഴയിട്ട് ഇൻഷുറൻസ് അതോറിറ്റി
ബെസ്റ്റ്' പ്ലാനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറിന് 5 കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). ഇൻഷുറൻസ് ഉൽപ്പന്നങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രോത്സാഹിപ്പിച്ചു, ഉപഭോക്താക്കൾ അടച്ച പ്രീമിയം തുക ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തി, തുടങ്ങി 11 നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ചില ഇൻഷുറൻസ് പ്ലാനുകളെ “ബെസ്റ്റ്,” “ടോപ്പ്” എന്നിങ്ങനെ വിശേഷിപ്പിച്ച് പക്ഷപാതപരമായി പ്രചരിപ്പിച്ചുവെന്നും, എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ് നൽകിയതെന്ന് വ്യക്തമാക്കാൻ പോളിസിബസാറിന് കഴിഞ്ഞില്ലെന്നും ഐആർഡിഎഐയുടെ ഉത്തരവിൽ പറയുന്നു.
ഇത് ഉപഭോക്താക്കൾക്ക് ശരിയായ തീരുമാനമെടുക്കാനുള്ള അവസരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
പ്രധാന നിയമലംഘനങ്ങൾ
- തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 2020 ജൂണിൽ നടത്തിയ പരിശോധനയിൽ, പോളിസിബസാർ വെബ്സൈറ്റിൽ ചില ഇൻഷുറൻസ് കമ്പനികളുടെ യുലിപ്, ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ മാത്രം “ടോപ്പ് പ്ലാനുകൾ” എന്ന പേരിൽ പ്രദർശിപ്പിച്ചതായി കണ്ടെത്തി. നിരവധി കമ്പനികളുമായി കരാറുണ്ടായിരുന്നിട്ടും, ചുരുക്കം ചില പ്ലാനുകൾക്ക് മാത്രം പ്രാധാന്യം നൽകിയത് പക്ഷപാതപരമായ പ്രോത്സാഹനമാണെന്ന് ഐആർഡിഎഐ വിലയിരുത്തി.
- പ്രീമിയം കൈമാറുന്നതിൽ കാലതാമസം: പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയം തുക 24 മണിക്കൂറിനകം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിക്ക് കൈമാറണമെന്നാണ് നിയമം. എന്നാൽ ഈ നിയമം ലംഘിച്ച് 5 മുതൽ 30 ദിവസത്തിലധികം വരെ പോളിസിബസാർ കാലതാമസം വരുത്തിയതായി കണ്ടെത്തി. ഈയൊരു കുറ്റത്തിന് മാത്രം 1 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
- രേഖകളില്ലാത്ത പോളിസി വിൽപ്പന: ടെലിമാർക്കറ്റിംഗ് വഴി വിറ്റ 97,000-ത്തിലധികം പോളിസികൾ ഏത് ഏജന്റാണ് വിറ്റതെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും (Unmapped Policies) ഐആർഡിഎഐ കണ്ടെത്തി. ഇത് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്.
ഇവ കൂടാതെ കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥർ (Key Managerial Personnel) ഐആർഡിഎഐയുടെ മുൻകൂർ അനുമതിയില്ലാതെ മറ്റ് കമ്പനികളിൽ ഡയറക്ടർ പദവി വഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്ന സമയത്ത് ഇൻഷുറൻസ് വെബ് അഗ്രഗേറ്റർ (IWA) ആയിരുന്ന പോളിസിബസാർ, 2024 ഫെബ്രുവരിയിലാണ് കോമ്പോസിറ്റ് ബ്രോക്കർ ലൈസൻസ് നേടിയത്.