CrimeNews

വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ; കോട്ടയം മെഡി. കോളേജിലെ നഴ്സിങ് ട്രെയിനി പിടിയില്‍

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി (24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ കണ്ടെത്തിയത്. വിവരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും പിന്നീട് ഗാന്ധിനഗർ പൊലീസിനെയും അറിയിക്കുകയായിരുന്നു.

ഗാന്ധിനഗർ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബിഎസ്.സി നഴ്സിംങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഇയാളും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവർ വസ്ത്രം മാറുന്ന ചേഞ്ചിംങ് മുറിയിൽ നിന്നും ഇന്നലെ ഓൺആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.