
നടനും തമിഴക വെട്രി കഴകം പാർട്ടിയുടെ നേതാവുമായ വിജയ് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിച്ച് തന്റെ ആരാധകരോട് അപൂർവ്വമായ ഒരു അപേക്ഷ നടത്തിയിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കൊടൈക്കനാലിലെ സിനിമാ ഷൂട്ടിംഗിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിജയ് തന്റെ ആരാധകരോട് അഭ്യർത്ഥന നടത്തിയത്. പൊതുസ്ഥലങ്ങളിൽ തന്നെ കാണാനെത്തുമ്പോൾ അമിത ആവേശം കാണിക്കരുതെന്നും അത്തരം പെരുമാറ്റങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നും വിജയ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ വിജയിയെ കാണാനായി ഒരു ആരാധകൻ അദ്ദേഹത്തിന്റെ വാഹനത്തിന് മുകളിൽ കയറിയതും പിന്നാലെ മറ്റൊരാൾ അതേ ശ്രമം നടത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സംഭവങ്ങൾ ആരാധകരുടെയും നടന്റെയും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു.
“മധുര എയർപോർട്ടിൽ എന്റെ സുഹൃത്തുക്കളും സഹോദരങ്ങളും സഹോദരിമാരും ഒത്തുകൂടിയിട്ടുണ്ട്. മധുരയിലെ ജനങ്ങൾക്ക് എന്റെ വണക്കം. നിങ്ങളുടെ സ്നേഹത്തിന് വളരെയധികം നന്ദി. ഇന്ന് ഞാൻ ‘ജനനായകൻ’ സിനിമയുടെ ഷൂട്ടിംഗിനായി കൊടൈക്കനാലിലേക്ക് പോവുകയാണ്. നമ്മുടെ പാർട്ടിയുടെ പേരിൽ മറ്റൊരു അവസരത്തില്‍ നിങ്ങളെല്ലാവരെയും ഞാൻ കണ്ടുമുട്ടും. പക്ഷേ ഇന്ന്, ഒരു മണിക്കൂറിനുള്ളിൽ ഞാൻ അവിടെ ലാൻഡ് ചെയ്യും, നിങ്ങളെ കാണും, അതിനുശേഷം എൻ്റെ ജോലിക്ക് പോകും. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക,” വിജയ് പറഞ്ഞു.
“നിങ്ങൾ എൻ്റെ വാനിനെ പിന്തുടരരുത്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തിൽ എന്നെ പിന്തുടരുന്നത് പോലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തരുത്. അത്തരം കാഴ്ചകൾ എന്നെ ഭയപ്പെടുത്തുന്നു. മറ്റൊരു അവസരത്തില്‍ ഞാൻ നിങ്ങളെല്ലാവരെയും കണ്ടുമുട്ടും. സന്തോഷകരമായ തൊഴിലാളി ദിനം ആശംസിക്കുന്നു. നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. വീണ്ടും കാണാം. മധുര എയർപോർട്ടിൽ എനിക്ക് ഈ സന്ദേശം കൈമാറാൻ കഴിയുമോ എന്ന് എനിക്കറിയില്ല, അവിടുത്തെ സാഹചര്യം എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ വെച്ച് തന്നെ ഇത് പറയുന്നത്. നന്ദി. -അദ്ദേഹം കൂട്ടിച്ചേർത്തു,
റോഡ് ഷോകൾക്കിടയിൽ വാഹനത്തെ അപകടകരമായി പിന്തുടരുകയോ അഭ്യാസപ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്ന ആരാധകരെക്കുറിച്ചാണ് വിജയ് “അത് ശരിക്കും ഭയപ്പെടുത്തുന്ന കാഴ്ചയാണ്” എന്ന് പറഞ്ഞത്. തൊഴിലാളി ദിനത്തിൻ്റെ ആശംസകൾ അറിയിക്കാനും തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ കൂടുതൽ സംഘടിതമായ രീതിയിൽ ഉടൻ തന്നെ തൻ്റെ അനുയായികളെ കണ്ടുമുട്ടുമെന്നും വിജയ് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.