Sports

സിംഹ രാജാവിന് ജന്മദിനാശംസകൾ; ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം

ഡിസംബറിലെ ഇരുപത്തിയഞ്ചാണ് ക്രൈസ്തവ സമൂഹത്തിന് തിരുപ്പിറവിയുടെ നാൾ. ഇന്ന് ജൂൺ 24. കാൽപന്തുകളിയുടെ കലണ്ടറിൽ തിരുപ്പിറവിയുടെ ദിനം. ഫുട്ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട സുദിനം. ഇടം കാലിൽ ദൈവ ചുംബനം ഏറ്റപ്പോൾ അയാൾ ദൈവ പുത്രനായി.

ഫുട്ബോളിനെ ചെൽപ്പടിയിലൊതുക്കി അയാൾ ലോകത്തിന് മിശിഹായായി. ഫുട്ബോളിലെ സർവ്വകിരീടങ്ങളും പിടിച്ചെടുത്ത് ഫുട്ബോളിന്റെ രാജാവായി അയാൾ ഇന്ന് വിഹരിക്കുന്നു. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. മഴവില്ലഴകാണ് മെസിയുടെ ഇടംകാല്‍ ഷോട്ടുകള്‍ക്ക്.

എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു ഭൂതകാലം ആ കാലുകളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഹോർമൺ കുറവിൽ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാർ വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക്സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ, വാക്കുകളോ പോരാതെ വരും. 1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിൽ ജനനം.

ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ബാഴ്സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയിൽ പയറ്റിത്തെളിഞ്ഞ് കറ്റാലൻപടയുടെ അമരക്കാരനായി. ബലൻ ദ് ഓറും, ഫിഫ പുരസ്കാരങ്ങളും ക്ലബിനായി കിരീടങ്ങളും വാരിക്കൂട്ടുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യാത്തവനെന്ന ചീത്തപ്പേരും പേറേണ്ടി വന്നു കുറേ കാലം. ഒടുവിൽ മാരക്കായിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീനയുടെയും തന്റെയും കാത്തിരിപ്പ് അവസാനിപ്പിച്ചു. പിന്നാലെ ഫിനാലിസിമ കിരീടം. ഒടുവിൽ ആ അവതാര ഉദ്ദേശം പൂർത്തികരിച്ചുകൊണ്ട് ആരാധകരുടെ കണ്ണും മനസും നിറച്ച് വിശ്വകിരീടനേട്ടം. മറ്റൊരു കോപ്പ കാലമെത്തുമ്പോൾ മെസ്സിക്കും അനുചരന്മാർക്കും ആശങ്കകളൊന്നുമില്ല

ബാഴ്സലോണയ്ക്കായി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോളറായി കരിയര്‍ ആരംഭിച്ച മെസ്സി 2009ല്‍ ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി. തുടര്‍ന്ന് അണ്ടര്‍ 20 ലോകകപ്പിനുള്ള ടീമിനെ നയിച്ചു. 2012-ഓടെ ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച സ്‌കോററായി.

പിന്നീട് 100 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനായി. 2005ല്‍ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് മുതല്‍ പുരസ്‌കാരങ്ങള്‍ മെസ്സിയെ തേടിയെത്താന്‍ തുടങ്ങി. ഏഴ് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകളും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂകളും നേടി.

ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍, ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, മികച്ച ഫോര്‍വേഡിനുള്ള ലാ ലിഗ അവാര്‍ഡ് തുടങ്ങി മറ്റനേകം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മെസ്സി പന്ത് തട്ടുമ്പോൾ നെഞ്ചിടിപ്പില്ലാതെ ആരാധകരും അതിനൊപ്പം ചേരുന്നു.

2026ലെ ലോകകപ്പിന് മെസ്സിയുണ്ടാകുമോയെന്ന ചോദ്യത്തിനാണ് ഇനിയുത്തരം കിട്ടേണ്ടത്. അക്കാര്യത്തിൽ താരം സസ്പെൻസ് തുടരുകയാണ്. ഫുഡ്‌ബോളിന്റെ മിശിഹായ്ക്ക് ജന്മദിനാശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *