Kerala Government News

സർക്കാർ ജീവനക്കാർക്ക് സിവിൽ ഡിഫൻസിൽ അംഗമാകാം; പ്രത്യേക അവധി ലഭിക്കും

സംസ്ഥാന സർക്കാർ അഗ്നിരക്ഷാ വകുപ്പിന് കീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അംഗമാകാം. അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവിൽ ഡിഫൻസ് പരിശീലനത്തിൽ പങ്കെടുക്കുന്ന കാലയളവിലും, ദുരന്തമുഖങ്ങളിൽ സേവനത്തിൽ ഏർപ്പെടുന്ന കാലയളവിലും ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധി അനുവദിച്ചിട്ടുണ്ട്.

ജീവനക്കാരെ സിവിൽ ഡിഫൻസിൽ അംഗമായി ചേർക്കുന്നതിനാവശ്യമായ നടപടികൾ വകുപ്പു തലവൻമാരും ഓഫീസ് മേധാവികളും സ്വീകരിക്കേണ്ടതാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി.

സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് കേരള അഗ്നിരക്ഷാ സേവന വകുപ്പിന്റെ cds.fire.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്.

പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ, ഹാം റേഡിയോ ഓപ്പറേറ്റർമാർ, ജെസിബി ഓപ്പറേറ്റർമാർ, മത്സ്യത്തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ നിലവിൽ സിവിൽ ഡിഫൻസ് അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട്.

Government order kerala civil defence

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ദുരന്തനിവാരണം, പ്രഥമ ശുശ്രൂഷ, ഫയർ ഫൈറ്റിങ്, നീന്തൽ മുതലായവയിൽ കേരള അഗ്‌നിരക്ഷാ സേവന വകുപ്പ് പരിശീലനം നൽകി വരുന്നു. സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് വകുപ്പ് നൽകുന്ന പരിശീലനത്തിലൂടെ ചെറുതും വലുതുമായ വിവിധ അപകടങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ തദ്ദേശീയരായ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ഫലപ്രദമായി ഇടപെട്ട് ദുരന്തത്തിന്റെ തീവ്രത, ആഘാതം, ജീവഹാനി എന്നിവ പരമാവധി ലഘൂകരിക്കുന്നതിന് സാധിക്കുന്നു.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പ്രളയം, ഉരുൾപൊട്ടൽ എന്നിവയിലും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ അഗ്‌നിബാധ, വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം എന്നിവയിൽ എല്ലാം തന്നെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തികച്ചും മാതൃകാപരവും കാര്യക്ഷമവുമായി പ്രവർത്തിച്ചിട്ടുണ്ട്,

സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് യൂണിഫോം, പ്രവർത്തനങ്ങൾക്കായി വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്നിവയും വകുപ്പ് നൽകി വരുന്നുണ്ട്. ഏതൊരു അപകട മുഖങ്ങളിലും ആദ്യം എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് തദ്ദേശീയരായതിനാൽ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിനെ പരിശീലനം നൽകി സിവിൽ ഡിഫൻസ് വോളണ്ടിയർ ആക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *