News

പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തത് തിരിച്ചടിയാകും! മന്ത്രിസഭ പുനഃ സംഘടനക്ക് ഒരുങ്ങി പിണറായി

തെരഞ്ഞെടുപ്പ് വർഷത്തിൽ മന്ത്രിസഭ പുന: സംഘടനക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വിഭാഗത്തിൽ നിന്ന് പുതിയ മന്ത്രിയെ നിയമിക്കാനാണ് നീക്കം. നിലവിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രിമാരില്ല. ഇത് എതിരാളികൾ രാഷ്ട്രിയ ആയുധം ആക്കുന്നത് തടയുക ആണ് ലക്ഷ്യം.

മന്ത്രിയായ കെ. രാധാകൃഷ്ണൻ എം.പി ആയതിനെ തുടർന്നാണ് മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതെ ആയത്. പകരം വന്ന ഒ.ആർ കേളു പട്ടിക വർഗത്തിൽ നിന്നാണ്. ഉമ്മൻ ചാണ്ടി മുഖ്യമത്രിയായിരുന്നപ്പോൾ പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടിക വർഗ വിഭാഗത്തിൽ നിന്നും മന്ത്രിമാർ ഉണ്ടായിരുന്നു. എ.പി. അനിൽകുമാറും പി.കെ. ജയലക്ഷ്മിയും ആയിരുന്നു ഇരുവിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർ.

കേരള ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പട്ടികജാതി വിഭാഗക്കാരാണ്.ആറ് മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും ഒരു വർഷത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കുമ്പോൾ പട്ടികജാതി പ്രാതിനിധ്യം മന്ത്രിസഭയിൽ ഇല്ലാത്തത് തിരിച്ചടി ആകുമെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. പ

കഴിഞ്ഞ സാമ്പത്തിക വർഷം (2024 -25) ൽ പ്ലാൻ കട്ടിൻ്റെ പേരിൽ പട്ടികജാതി വിഭാഗത്തിൻ്റെ 500 കോടിയോളം രൂപ ധനമന്ത്രി ബാലഗോപാൽ വെട്ടികുറച്ചിരുന്നു.നിയമസഭയിലും പുറത്തും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തത് മൂലം ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം പോലും ഉണ്ടായില്ല.

നാലാം വാർഷിക ആഘോഷത്തിലാണ് സർക്കാർ. അതിന് തൊട്ട് പിന്നാലെ മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കും എന്നാണ് ലഭിക്കുന്ന സൂചന. സി പി എമ്മിലെ പട്ടികജാതി വിഭാഗത്തിലെ എം എൽ എ മാർ അരയും തലയും മുറുക്കി മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. ഇതിനോടൊപ്പം എ.കെ. ശശീന്ദ്രൻ്റെ കയ്യിൽ നിന്ന് വനം വകുപ്പ് മാറ്റാനും നീക്കമുണ്ട്. മലയോര മേഖലയിൽ ശശീന്ദ്രനെതിരെ പ്രതിഷേധം ശക്തമാണ്. മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം പ്രതീക്ഷിക്കാം.