Kerala

ശമ്പളം ലഭിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സർക്കാർ ജീവനക്കാരുടെ നിരാഹാര സമരം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നാളെ രാവിലെ 11 മുതല്‍ നിരാഹാര സമരം. ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടാണ് നിരാഹാര സത്യഗ്രഹമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് അറിയിച്ചു.

അതേസമയം, ജീവനക്കാരുടെ ശമ്പളത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ധനമന്ത്രി ഒരുക്കുന്ന വിരുന്ന ഉച്ചഭക്ഷണ വിരുന്നിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് കെ.എൻ. ബാലഗോപാല്‍ 750 പേർക്ക് വിരുന്നൊരുക്കുന്നത്. ആദ്യം ശമ്പളം നല്‍കൂ എന്നിട്ടാകാം വിരുന്നെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

വാർത്ത കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ആദ്യം ശമ്പളം നൽകൂ; എന്നിട്ടാവാം വിരുന്ന് – സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം എത്തിച്ചിട്ടാവണം ധനകാര്യ വകുപ്പു മന്ത്രി ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ഉച്ചവിരുന്ന് നടത്താനെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടു വർഷത്തെ ധനകാര്യമാനേജ്മെൻ്റിൻ്റെ സാക്ഷ്യപത്രമായി 2024 ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയത് ജീവനക്കാരുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിലുണ്ട്.

ധനകാര്യക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്കാവണം സർക്കാർ മുൻഗണന നൽകേണ്ടത്. അപകടകരമായ സാമ്പത്തിക അവസ്ഥയിൽ ബജറ്റ് തയ്യാറാക്കിയ സന്തോഷത്തിൻ്റെ ഉച്ചവിരുന്ന് സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ജീവനക്കാർ സഹിച്ചുകൊള്ളും. അതിനായി ചെലവഴിക്കേണ്ട തുക ഖജനാവിലേക്ക് മുതൽക്കൂട്ടുകയും സമയം ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനും വികസന പ്രവർത്തനങ്ങൾക്കായും മാറ്റിവക്കുകയാണ് വേണ്ടത്. _സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് പറഞ്ഞു.

ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *