
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ വകുപ്പ് പദ്ധതി പണമെടുത്ത് 14 ഇലക്ട്രിക് കാറുകള്‍ വാടകക്ക് എടുക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പണം സര്‍ക്കാര്‍ കൃത്യമായി നല്‍കാത്തതിനാല്‍ മിക്കവാറും സ്‌കൂളുകളിലെ പ്രധാനഅധ്യാപകര്‍ സ്വന്തം നിലയിലാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. അതേ സ്ഥാനത്താണ് അനെര്‍ട്ടില്‍ നിന്ന് 14 കാറുകള്‍ വാടകക്ക് എടുത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് കാര്‍ എടുക്കുന്നത്.
വാടക കാറുകളുടെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ഉച്ചഭക്ഷണം, സ്‌കൂള്‍ ബസ് തുടങ്ങിയവയ്ക്കു സര്‍ക്കാര്‍ കൃത്യമായി പണം നല്‍കാത്തതുമൂലം പ്രഥമാധ്യാപകര്‍ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പ്രഥമാധ്യാപക സ്ഥാനക്കയറ്റം പലപ്പോഴും അധ്യാപകര്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. ഇതിനു പുറമേ, കേന്ദ്രത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു കൃത്യമായി ഫണ്ട് ലഭിക്കുന്നുമില്ല. കൃത്യമായി പണം നല്‍കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് അരി നല്‍കാന്‍ സപ്ലൈകോയും മടിക്കുകയാണ്. അപ്പോഴാണ് 14 ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം കാറുകള്‍ വാങ്ങുന്നതിനു വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണു ധനവകുപ്പ്. പകരം അത്യാവശ്യമെങ്കില്‍ ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കാം. ഇതു കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നു ഭരണപരമായ കാര്യങ്ങള്‍ക്കു പണം ചെലവഴിക്കാമെങ്കിലും ഇതുപയോഗിച്ച് കാര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതില്‍ വിമര്‍ശനം ഉയരുകയാണ്.